വിവാദം വേണ്ട, ജനകീയ വിഷയം മതി: പാലക്കാട്ട് ട്രാക്ടര്‍ റാലികളുമായി യുഡിഎഫും ബിജെപിയും
Monday, November 11, 2024 2:57 PM IST
പാലക്കാട്: വിവാദങ്ങൾ മാറ്റിനിർത്തി ജനകീയ വിഷയങ്ങൾ ഉയർത്തി പാലക്കാട്ട് പ്രചരണം ശക്തമാക്കി സ്ഥാനാർഥികൾ. കാർഷിക മേഖലയിലെ പ്രശ്നങ്ങൾ ഉയർത്തിക്കൊണ്ട് പാലക്കാട്ട് യുഡിഎഫും ബിജെപിയും ട്രാക്ടർ റാലികൾ നടത്തി.
രാവിലെ യുഡിഎഫിന്റെ നേതൃത്വത്തിൽ കണ്ണാടിയിൽ നിന്ന് ആരംഭിച്ച കർഷകരക്ഷാ ട്രാക്ടർ മാർച്ച് കെ.മുരളീധരൻ ഉദ്ഘാടനം ചെയ്തു. നെല്ലിന്റെ സംഭരണം പാളിയതടക്കം കർഷകരുടെ വിവിധ പ്രശ്നങ്ങൾ ഉന്നയിച്ചാണ് മാർച്ച്. പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍, ഷാഫി പറമ്പില്‍ എംപി, വി.കെ.ശ്രീകണ്ഠന് എംപി തുടങ്ങിയവര്‍ മാര്‍ച്ചില്‍ പങ്കെടുത്തു. ഇരുപതിലധികം ട്രാക്ടറുകളാണ് മാര്‍ച്ചില്‍ പങ്കെടുത്തത്.
ഇതിനുപിന്നാലെ ഉച്ചയോടെ ബിജെപിയുടെ നേതൃത്വത്തിലും കർഷക വിഷയങ്ങൾ ഉന്നയിച്ചുള്ള ട്രാക്ടർ മാർച്ച് നടത്തി. കണ്ണാടി പാത്തിക്കലിൽ നിന്ന് ആരംഭിച്ച മാർച്ച് നടൻ കൃഷ്ണപ്രസാദ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ സമാപന സമ്മേളനത്തിലും പങ്കാളിയാകും.
അതേസമയം, അവശ്യസാധന വിലവര്‍ധനയില്‍ കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തി പ്രചരണം ശക്തമാക്കാനാണ് പാലക്കാട്ടെ എല്‍ഡിഎഫിന്റെ തീരുമാനം.
കൽപാത്തി രഥോത്സവത്തെ തുടര്‍ന്ന് പാലക്കാട് ഉപതെരഞ്ഞെടുപ്പ് നവംബര്‍ 20ലേക്ക് നീട്ടിവച്ചതോടെ പരസ്യ പ്രചാരണത്തിന് കൂടുതൽ സമയം ലഭിക്കും. വയനാട്ടിലെയും, ചേലക്കരയിലെയും പരസ്യ പ്രചരണം ഇന്ന് അവസാനിക്കുന്നതോടെ പാലക്കാട്ടേക്ക് മൂന്ന് മുന്നണികളുടെയും പ്രധാന നേതാക്കൾ കൂടുതലായി എത്തും.