കൊട്ടിക്കയറി പ്രചാരണം; ആവേശത്തിരയിൽ വയനാടും ചേലക്കരയും, വാശിയോടെ അവസാന ലാപ്പിലേക്ക്
Monday, November 11, 2024 2:16 PM IST
വയനാട്/തൃശൂര്‍: ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിക്കാൻ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ വയനാടും ചേലക്കരയിലും ആവേശം കത്തിച്ച് മുന്നണികൾ. വയനാട്ടിൽ യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയും എൽഡിഎഫ് സ്ഥാനാർഥി സത്യൻ മൊകേരിയും എന്‍ഡിഎ സ്ഥാനാർഥി നവ്യ ഹരിദാസും അവസാനവട്ട പ്രചാരണവുമായി മണ്ഡലത്തിൽ സജീവമാണ്.
പ്രിയങ്കയുടേയും രാഹുലിന്റെയും നേതൃത്വത്തില്‍ രണ്ടു പൊതുറാലികള്‍ വയനാട്ടില്‍ നടക്കുന്നുണ്ട്. സുൽത്താൻ ബത്തേരിയിൽ പ്രിയങ്ക ഗാന്ധിയും രാഹുൽ ഗാന്ധിയും പങ്കെടുത്ത റോഡ് ഷോ നടന്നു. ഐ ലവ് വയനാട് എന്നെഴുതിയ ടീ ഷര്‍ട്ട് ധരിച്ചാണ് രാഹുൽ ഗാന്ധി റോഡ് ഷോയിൽ പങ്കെടുത്തത്.
അസംപ്ഷന്‍ ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച റോഡ് ഷോ ബത്തേരി ബസ് സ്റ്റാന്‍ഡിനടുത്ത് അവസാനിച്ചു. കോണ്‍ഗ്രസിന്റെയും ലീഗിന്റെയും മറ്റു യുഡിഎഫ് ഘടകകക്ഷികളുടെയും നൂറുകണക്കിന് പ്രവര്‍ത്തകരാണ് റോഡ്ഷോയിൽ പങ്കെടുത്തത്. ഇനി തിരുവമ്പാടിയിലും റോഡ് ഷോ നടക്കും. തുടർന്ന് വൈകുന്നേരം അവിടെ നടക്കുന്ന കൊട്ടിക്കലാശത്തിലും രാഹുൽ ഗാന്ധി പങ്കെടുക്കും.
എൽഡിഎഫ് സ്ഥാനാർഥി സത്യൻ മൊകേരി കൽപറ്റയിലെ കൊട്ടിക്കലാശത്തിൽ പങ്കെടുക്കും. സ്ഥാനാർഥിക്കൊപ്പം മന്ത്രി പി. പ്രസാദും മറ്റ് നേതാക്കളും പങ്കെടുക്കും.
എന്‍ഡിഎ സ്ഥാനാര്‍ഥി നവ്യ ഹരിദാസിന്റെ പ്രചാരണവും കല്‍പ്പറ്റയിലാണ് സമാപനം. അതിനു മുമ്പായി ഇന്ന് കല്‍പ്പറ്റയിലും മാനന്തവാടിയിലും ബത്തേരിയിലും റോഡ്ഷോകൾ നടക്കും.
ചേലക്കരയിൽ ഒരു മാസത്തോളം നീണ്ട, മണ്ഡലത്തിന്റെ ചരിത്രത്തിൽ ഇന്നേവരെ കാണാത്ത അത്യന്തം വാശിയേറിയ പ്രചാരണത്തിനാണ് ഇന്ന് തിരശീല വീഴുന്നത്. എൽഡിഎഫ് സ്ഥാനാർഥി യു.ആര്. പ്രദീപിന്റെ റോഡ് ഷോയിൽ കെ. രാധാകൃഷ്ണൻ എംപിയും പങ്കെടുത്തു. നൂറുകണക്കിന് പ്രവർത്തകരും റോഡ് ഷോയിൽ അണിനിരന്നു.
വൈകുന്നേരം ചേലക്കര ടൗണിലാണ് മൂന്ന് സ്ഥാനാർഥികളും പങ്കെടുത്തുള്ള കൊട്ടിക്കലാശം. വൈകുന്നേരം നാലരയോടെ സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും ചേലക്കര ബസ്റ്റാന്‍ഡ് പരിസരത്തെത്തും. യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസിനൊപ്പം കെപിസിസി അധ്യക്ഷൻ കെ. സുധാകരനും, യു.ആര്. പ്രദീപിനൊപ്പം പാലക്കാട്ടെ എൽഡിഎഫ് സ്ഥാനാർഥി ഡോ. പി. സരിനും കൊട്ടിക്കലാശത്തിൽ പങ്കെടുക്കും.