ബലാത്സംഗക്കേസില്‍ യാഥാർഥ്യങ്ങൾ വളച്ചൊടിച്ചു; സർക്കാരിനെതിരേ സിദ്ദിഖ്
Monday, November 11, 2024 1:19 PM IST
ന്യൂഡൽഹി: ബലാത്സംഗക്കേസില്‍ യാഥാര്‍ഥ്യങ്ങള്‍ വളച്ചൊടിച്ചുള്ള റിപ്പോര്‍ട്ടാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയതെന്ന് നടന് സിദ്ദിഖ് സുപ്രീം കോടതിയിൽ. പരാതിക്കാരി ഉന്നയിക്കാത്ത കാര്യങ്ങൾ പോലും പോലീസ് പറയുന്നുവെന്നും തനിക്കെതിരെ ഇല്ലാക്കഥകൾ മെനയുകയാണെന്നും സിദ്ദിഖ് വ്യക്തമാക്കി.
സംസ്ഥാന സര്‍ക്കാരിന്റെ റിപ്പോര്‍ട്ടിന് മറുപടിയായി സുപ്രീം കോടതിയിൽ സമര്‍പ്പിച്ച സത്യവാംഗ്മൂലത്തിലാണ് സിദ്ദിഖ് ഇക്കാര്യം ഉന്നയിച്ചിട്ടുള്ളത്. യാഥാർഥ്യങ്ങൾ വളച്ചൊടിച്ചുള്ള റിപ്പോർട്ടാണ് സർക്കാർ സമർപ്പിച്ചത്. ശരിയായ അന്വേഷണം നടത്താതെയാണ് തന്നെ കേസില്‍ പ്രതിയാക്കിയത്.
തനിക്ക് ജാമ്യം ലഭിച്ചാൽ ഇരക്ക് നീതി ലഭിക്കില്ലെന്ന വാദം നിലനിൽക്കില്ല. കേസെടുക്കാൻ ഉണ്ടായ കാലതാമസത്തെക്കുറിച്ചുള്ള പോലീസിന്റെ വിശദീകരണവും നിലനിൽക്കില്ല.
താന്‍ മലയാള സിനിമയിലെ ശക്തനായ വ്യക്തിയാണെന്ന വാദവും ശരിയല്ല. നായക കഥാപാത്രമായി താന്‍ അഭിനയിച്ചിരിക്കുന്നത് ചുരുക്കം സിനിമകളില്‍ മാത്രമാണെന്നും സത്യവാംഗ്മൂലത്തിൽ പറയുന്നു.
39 പേജുള്ള സത്യവാംഗ്മൂലമാണ് സിദ്ദിഖ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചത്. സിദ്ദിഖിന്റെ ജാമ്യഹര്‍ജി ചൊവ്വാഴ്ച സുപ്രീം കോടതി പരിഗണിക്കും.