കുഴല്നാടന് നിലയും വിലയുമില്ലാത്തവന്; പറയുന്നത് ജാതി രാഷ്ട്രീയമെന്ന് എം.വി ഗോവിന്ദന്
Monday, November 11, 2024 10:23 AM IST
കണ്ണൂർ: പട്ടികജാതി വിഭാഗത്തിന്റെ മന്ത്രിസ്ഥാനം പിണറായി തട്ടിത്തെറിപ്പിച്ചെന്ന കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്റെ പരാമർശത്തിനെതിരേ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്. കുഴല്നാടന് പറയുന്നത് ജാതി രാഷ്ട്രീയമാണെന്ന് ഗോവിന്ദൻ വിമർശിച്ചു.
നിലയും വിലയുമില്ലാത്തവനാണ് കുഴൽനാടൻ. സ്വത്വരാഷ്ട്രീയമാണ്, ജാതി രാഷ്ട്രീയമാണ് കുഴല്നാടന് പറയുന്നത്. രാധാകൃഷ്ണന് മുഖ്യമന്ത്രി ആകേണ്ടിയിരുന്ന ആളാണെന്നാണ് ഇപ്പോള്‍ പറയുന്നത്.
രാധാകൃഷ്ണനെതിരെ ഇവര്‍ എന്തെല്ലാം പറഞ്ഞതാണ്. സിപിഎം പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തങ്ങളാണ് രാധാകൃഷ്ണനെ ഉയര്‍ത്തിക്കൊണ്ടുവന്നത്.
യുഡിഎഫ് സര്‍ക്കാരില്‍ എല്ലാക്കാലത്തും പട്ടികജാതി മന്ത്രി ഉണ്ടായിരുന്നില്ല. കാര്യലാഭത്തിന് വേണ്ടി എന്തും ഉപയോഗിക്കാന്‍ മടിയില്ലാത്ത ജാതിപ്രയോഗമാണ് കുഴല്നാടന് നടത്തിയതെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.