പാർട്ടി വിരുദ്ധ പ്രവർത്തനം; ഏഴ് വിമതരെ കൂടി സസ്പെൻഡ് ചെയ്ത് മഹാരാഷ്ട്ര കോൺഗ്രസ്
Monday, November 11, 2024 6:22 AM IST
മുംബൈ: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ ഏഴ് വിമത സ്ഥാനാർഥികളെ കൂടി പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്ത് കോൺഗ്രസ്. മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ് കമ്മിറ്റിയാണ് (എംപിസിസി) ഞായറാഴ്ച രാത്രി അച്ചടക്ക നടപടികൾ സ്വീകരിച്ചത്.
ഷംകാന്ത് സനർ, രാജേന്ദ്ര താക്കൂർ, അബാ ബാഗുൽ, മനീഷ് ആനന്ദ്, സുരേഷ് കുമാർ ജെത്ലിയ, കല്യാണ് ബോറാഡെ, ചന്ദ്രപാൽ ചൗക്സെ എന്നിവർക്കെതിരെയാണ് നടപടി. നേരത്തെ, മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ് കമ്മിറ്റി 21 വിമതരെ സസ്പെൻഡ് ചെയ്തിരുന്നു. ഇതോടെ 22 മണ്ഡലങ്ങളിലായി ആകെ 28 പേരെ സസ്പൻഡ് ചെയ്തു.
ആനന്ദ് റാവു ഗേദം, ഷിലു ചിമുർക്കർ, സോണാൽ കോവ്, ഭരത് യെറെമെ, അഭിലാഷ ഗവതുരെ, പ്രേംസാഗർ ഗൻവീർ, അജയ് ലഞ്ജേവാർ, വിലാസ് പാട്ടീൽ, ആസ്മ ജവാദ് ചിഖ്ലേക്കർ, ഹൻസ്കുമാർ പാണ്ഡെ, കമൽ വ്യവഹാരെ, മോഹൻറാവ് ദണ്ഡേക്കർ, മംഗൾ വിലാജ്, മംഗൾ ഭുവൽ, മനോജ് ഷിൻഡെ, സുരേഷ് പാട്ടിൽഖഡെ, വിജയ് ഖഡ്സെ, ഷബീർ ഖാൻ, അവിനാഷ് ലാഡ്, യാഗ്വല്യ ജിച്ച്കർ, രാജു ജോഡ്, രാജേന്ദ്ര മുഖഹ് എന്നിവർക്കെതിരെയാണ് നേരത്തെ നടപടിയെടുത്തത്.
സസ്പെൻഡ് ചെയ്യപ്പെട്ട ഈ സ്ഥാനാർഥികൾ മഹാ വികാസ് അഘാഡിയുടെ (എംവിഎ) ഔദ്യോഗിക സ്ഥാനാർഥികൾക്കെതിരെയാണ് മത്സരിക്കുന്നത്. മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ ഔദ്യോഗിക സ്ഥാനാർഥികൾക്കെതിരെ മത്സരിക്കുന്ന എല്ലാ വിമതർക്കും ആറ് വർഷത്തെ സസ്പെൻഷൻ നേരിടേണ്ടിവരുമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല നേരത്തെ പറഞ്ഞിരുന്നു.
മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് നവംബർ 20 ന് നടക്കും, നവംബർ 23നാണ് വോട്ടെണ്ണൽ.