ജയിലിൽ കിടക്കുമ്പോൾ നടപടി വേണ്ടിയിരുന്നില്ല, നേതൃത്വത്തെ അതൃപ്തി അറിയിച്ച് പി.പി. ദിവ്യ
Saturday, November 9, 2024 10:53 AM IST
കണ്ണൂർ: സിപിഎം തനിക്കെതിരെയെടുത്ത നടപടിയിൽ കടുത്ത അതൃപ്തി അറിയിച്ച് കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ. ജയിലിൽ കിടക്കുമ്പോൾ നടപടി വേണ്ടിയിരുന്നില്ലെന്നാണ് ദിവ്യയുടെ പ്രതികരണം.
തന്റെ ഭാഗം കേൾക്കാൻ പാർട്ടി തയാറായില്ലെന്ന പരാതിയും ദിവ്യ ഉന്നയിച്ചു. ഫോണിൽ വിളിച്ച നേതാക്കളെ ദിവ്യ അതൃപ്തി അറിയിച്ചുവെന്നാണ് വിവരം.
എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തപ്പെട്ട് റിമാഡിൽ കഴിയുന്ന സമയത്താണ് ദിവ്യയ്ക്കെതിരെ സിപിഎം നടപടി സ്വീകരിച്ചത്. കണ്ണൂർ ജില്ലാ കമ്മിറ്റി അംഗമായിരുന്ന ദിവ്യയെ സിപിഎം പ്രാഥമിക അംഗത്വത്തിലേക്ക് തരംതാഴ്ത്തുകയായിരുന്നു.