പെട്ടി അടഞ്ഞ അധ്യായമല്ല, പ്രധാനപ്പെട്ട വിഷയമാണെന്ന് എം.വി. ഗോവിന്ദൻ
Saturday, November 9, 2024 10:37 AM IST
പാലക്കാട്: പെട്ടി വിഷയത്തിൽ നിലപാട് ആവർത്തിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. വിഷയം അടഞ്ഞ അധ്യായമല്ലെന്ന് ഗോവിന്ദൻ പറഞ്ഞു. പെട്ടി വിഷയമടക്കമുള്ള കാര്യങ്ങൾ തെരഞ്ഞെടുപ്പിൽ ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
പെട്ടിവിഷയം ചര്‍ച്ചയാക്കുന്നതില്‍ പാര്‍ട്ടിയില്‍ അഭിപ്രായ വ്യത്യാസമില്ലെന്നും അദ്ദേഹം പാലക്കാട്ട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. താന്‍ പറഞ്ഞതാണ് പാര്‍ട്ടി അഭിപ്രായം. അതല്ലാത്തത് സിപിഎമ്മിന്റെ അഭിപ്രായമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരു ബാഗിന്റെ പിന്നാലെ പോവുന്ന പാര്‍ട്ടിയല്ല സിപിഎം. ബാഗ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമായി വന്നതാണ്. രാഷ്ട്രീയ പ്രശ്നമായി വന്നതല്ല. യാദൃച്ഛികമായി വന്ന വളരെ പ്രധാനപ്പെട്ട വിഷയമാണ്. ഇത് ഉപേക്ഷിക്കേണ്ട പ്രശ്നമല്ല.
ശരിയായി അന്വേഷണം നടത്തണം. വസ്ത്രം കൊണ്ടുപോവുകയാണെന്ന് പറഞ്ഞത് തെറ്റാണെന്ന് ജനങ്ങള്‍ക്ക് മനസിലായിട്ടുണ്ട്. നീലയും കറുത്തതുമുള്‍പ്പടെ ബാഗുകള്‍ കുഴല്‍പ്പണവുമായി ബന്ധപ്പെട്ട് ചര്‍ച്ച ചെയ്യപ്പെടേണ്ട രാഷ്ട്രീയ പ്രശ്നമാണ്. ഇതുള്‍പ്പെടെ ജനകീയ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുമെന്നും ഗോവിന്ദന് പറഞ്ഞു.
ബാഗ് മാത്രം ഫോക്കസ് ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ല. ബാഗ് യാദൃച്ഛികമായി വീണുകിട്ടിയ സംഭവമാണ്. എല്‍ഡിഎഫിന് തെറ്റ് പറ്റിയിട്ടില്ല. തെളിവ് ഇല്ലാതെ തന്നെ ആളുകള്‍ക്ക് കാര്യം മനസിലായിട്ടുണ്ടെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.