പാലക്കാട്ടെ പാതിരാ നാടകം ബിജെപിയെ സഹായിക്കാൻ : രമേശ് ചെന്നിത്തല
Friday, November 8, 2024 9:39 PM IST
മുക്കം: പാലക്കാട് സിപിഎം നടത്തുന്ന നാടകം ബിജെപിയെ സഹായിക്കാൻ വേണ്ടിയാണെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല. ഇത്തരം രാഷ്ട്രീയ നാടകങ്ങൾ കളിച്ച് ഭരണവിരുദ്ധ വികാരം ചർച്ച ചെയ്യാതിരിക്കാനുള്ള ബോധപൂർവമായ നീക്കണ് സിപിഎം നടത്തിക്കൊണ്ടിരിക്കുന്നത്.
പാലക്കാട്ടെ നാടകം പൊളിഞ്ഞു പോയതിന്റെ ദുഃഖത്തിലാണ് സിപിഎം ഇപ്പോൾ. എല്ലാ തെരഞ്ഞെടുപ്പിലും ഇത്തരം നാടകങ്ങൾ ഇവർ കാണിക്കാറുണ്ട്. ഉമ തോമസ് മത്സരിച്ച തൃക്കാക്കരയിൽ എതിർ സ്ഥാനാർഥിക്കെതിരെ തെറ്റായ വീഡിയോ പ്രചരിപ്പിച്ചു എന്നായിരുന്നു പരാതി. പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിക്ക് കൃത്യമായ ചികിത്സ നൽകിയില്ല എന്ന പ്രചരണമായിരുന്നു.
പാലക്കാട് പരാജയം ഉറപ്പായതോട് കൂടി മൂന്നാം സ്ഥാനത്തേക്ക് പോകുമെന്നുള്ള വെപ്രാളത്തിലാണ് ബാഗ് വിവാദവും രാത്രിയിലെ റെയ്ഡ് ഉൾപ്പെടെയുള്ള നാടകം നടത്താൻ സിപിഎം തയാറായത്. കഴിഞ്ഞ കുറെ കാലമായി ബിജെപിയും സിപിഎം തമ്മിലുള്ള അന്തർധാര കേരളത്തിൽ നിലനിൽക്കുകയാണ്.
തൃശൂരിൽ സുരേഷ് ഗോപിയെ വിജയിപ്പിച്ചത് അതിന്റെ ഭാഗമാണ്. തൃശൂർപൂരം കലക്കിക്കൊണ്ട് സുരേഷ് ഗോപിയെ വിജയിപ്പിക്കാനുള്ള സാഹചര്യം ഒരുക്കിക്കൊടുത്തവർ തന്നെയാണ് പാലക്കാട് സിപിഎമ്മിന്റെ വോട്ട് മറിച്ച് നൽകി ബിജെപിയെ വിജയിപ്പിക്കാൻ ശ്രമിക്കുന്നത്. ചേലക്കരയിൽ തിരിച്ചു ബിജെപിയുടെ വോട്ടുകൾ സിപിഎമ്മിന് നൽകും.
ഈ ധാരണയുടെ അടിസ്ഥാനത്തിലാണ് ഇവർ ഇപ്പോൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. അതിന് സഹായകരമാകുന്ന രീതിയിലാണ് രാത്രി റെയ്ഡ് ഉൾപ്പെടെയുള്ള നാടകങ്ങൾ നടത്തിയത്. കേരളത്തിലെ ഏറ്റവും വെറുക്കപ്പെട്ട സർക്കാരാണ് പിണറായി വിജയന്റേത്.
സർക്കാരിന്റെ ജനവിരുദ്ധമായ നയങ്ങൾ ചർച്ച ചെയ്യാതിരിക്കാൻ വേണ്ടിയാണ് ഇത്തരം നാടകങ്ങൾ സിപിഎം നടത്തുന്നത്. സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തരായി ഈ തെരഞ്ഞെടുപ്പിനെ കാണാൻ തയാറുണ്ടോയെന്നും രമേശ് ചെന്നിത്തല മുഖ്യമന്ത്രിയെ വെല്ലുവിളിച്ചു.