വീട്ടിൽ വെടിയുണ്ട പതിച്ച സംഭവം: വ്യക്തത തേടി പോലീസിനൊപ്പം കരസേനയും എയർഫോഴ്സും
Friday, November 8, 2024 5:32 PM IST
കാട്ടാക്കട: വീട്ടിൽ വെടിയുണ്ട പതിച്ച സംഭവത്തിൽ കൂടുതൽ വ്യക്തത തേടി കരസേനയും എയർഫോഴ്സും പോലീസും പരിശോധന നടത്തും. വെടിയുണ്ട പോലീസിന്റേതാണെന്നും എയർഫോഴ്സിന്റേതാണെന്നും പരസ്പര വിരുദ്ധമായ കാര്യങ്ങൾ ഉയർന്നു വന്ന പശ്ചാത്തലത്തിലാണ് മൂവരും അന്വേഷണം നടത്തുന്നത്.
അതേസമയം വെടിയുണ്ട പതിച്ച വീടിന് സമീപത്തുനിന്ന് ഇന്ന് മറ്റൊരു വെടിയുണ്ട കൂടി ലഭിച്ചു. ഇന്നു രാവിലെ നടത്തിയ പരിശോധനയ്ക്കിടെയാണ് നാട്ടുകാർ വെടിയുണ്ട കണ്ടത്. ഇത് വ്യാഴാഴ്ച പതിച്ചതാണോ അതോ മുൻപ് വീണതാണോ എന്നതു സംബന്ധിച്ച് പരിശോധന നടത്താൻ അധികൃതർക്ക് കൈമാറി.
വിളവൂർക്കൽ പൊറ്റയിൽ കാവടിവിളയിൽ ആർ. ആനന്ദും കുടുംബവും വാടകയ്ക്കു താമസിക്കുന്ന വീട്ടിലാണ് വ്യാഴാഴ്ച വെടിയുണ്ട കണ്ടെത്തിയത്. സംഭവ സമയത്ത് വീട്ടുകാർ സ്ഥലത്തുണ്ടായിരുന്നില്ല. ആശുപത്രിയിൽ പോയിരുന്നു കുടുംബം ഉച്ചയോടെ മടങ്ങിയെത്തിയപ്പോഴാണ് ഹാളിലെ സോഫയിൽ വെടിയുണ്ട കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഷീറ്റ് ഇട്ട വീടിന്റെ മേൽക്കൂര തുളച്ചാണ് വെടിയുണ്ട വീടിനുള്ളിൽ പതിച്ചിരിക്കുന്നത്.
സമീപത്തെ മൂക്കുന്നിമലയിലെ ഫയറിംഗ് പരിശീലന കേന്ദ്രത്തിൽ നിന്നുള്ള വെടിയുണ്ട ലക്ഷ്യം തെറ്റി വീട്ടിൽ വീണതാകാമെന്ന് ആണ് നിഗമനം. ഇവിടെ വ്യാഴാഴ്ച ഫയറിംഗ് പരിശീലനം ഉണ്ടായിരുന്നു. സമാന രീതിയിൽ മുൻപും സമീപത്തെ വീടുകളിൽ വെടിയുണ്ട വീണിട്ടുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.
വീട്ടുകാർ മലയിൻകീഴ് പോലീസിൽ പരാതി നൽകി. പോലീസ് കസ്റ്റഡിയിലെടുത്ത വെടിയുണ്ട ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കും. എകെ 47 പോലെയുള്ള തോക്കിലെ നിറയെന്നാണു പ്രാഥമിക നിഗമനം.