മഴ ചതിച്ചു; രഞ്ജിയിൽ കേരളത്തിന് മേൽകൈ
Friday, November 8, 2024 4:32 PM IST
തുമ്പ: രഞ്ജി ട്രോഫി ക്രിക്കറ്റിൽ ഉത്തർപ്രദേശിനെതിരേ ജയപ്രതീക്ഷയുമായി കേരളം മുന്നേറുന്നു. മൂന്നാം ദിനം മഴമൂലം നേരത്തെ കളിയവസാനിക്കുമ്പോൾ യുപി രണ്ടാം ഇന്നിംഗ്സിൽ രണ്ട് വിക്കറ്റിന് 66 റൺസ് എന്ന നിലയിലാണ്.
അവസാന ദിനം എട്ട് വിക്കറ്റുകൾ ശേഷിക്കേ സന്ദർശകർ 167 റൺസ് പിന്നിലാണ്. 27 റൺസുമായി ഓപ്പണർ മാധവ് കൗശികും അഞ്ച് റൺസോടെ നിതീഷ് റാണയുമാണ് ക്രീസിൽ.
നേരത്തെ കേരളത്തിന്റെ ഒന്നാം ഇന്നിംഗ്സ് 395 റൺസിൽ അവസാനിച്ചിരുന്നു. ഇതോടെ ആതിഥേയർ 233 റൺസിന്റെ നിർണായക ഒന്നാം ഇന്നിംഗ്സ് ലീഡ് സ്വന്തമാക്കി. നേരത്തെ, യുപിയുടെ ഒന്നാമിന്നിംഗ്സ് 162 റൺസിൽ അവസാനിച്ചിരുന്നു.
93 റൺസെടുത്ത സൽമാൻ നിസാറാണ് കേരള നിരയിലെ ടോപ് സ്കോറർ. സച്ചിൻ ബേബി (83), മുഹമ്മദ് അസ്ഹറുദ്ദീൻ (40), ജലജ് സക്സേന (35), ബാബാ അപരാജിത് (32) എന്നിവരും മികച്ച പ്രകടനം കാഴ്ചവച്ചു.
നേരത്തെ, ഏഴുവിക്കറ്റ് നഷ്ടത്തിൽ 340 എന്ന നിലയിൽ രണ്ടാംദിനം ബാറ്റിംഗ് പുനരാരംഭിച്ച കേരളത്തിന് ബേസിൽ തമ്പിയുടെ (പൂജ്യം) വിക്കറ്റാണ് ആദ്യം നഷ്ടമായത്. സ്കോർ 387 റൺസിൽ നില്ക്കെ മുഹമ്മദ് അസ്ഹറുദ്ദീന്റെ വിക്കറ്റും നഷ്ടമായി.
പിന്നീട് കെ.എം. ആസിഫിനെ ഒരറ്റത്തു നിർത്തി സൽമാൻ നിസാർ സ്കോർ ഉയർത്താൻ ശ്രമിച്ചു. എന്നാൽ സെഞ്ചുറിക്ക് ഏഴു റൺസകലെ സൽമാന് വീണതോടെ കേരളത്തിന്റെ ഇന്നിംഗ്സും അവസാനിച്ചു.
യുപിക്കു വേണ്ടി ആഖിബ് ഖാൻ മൂന്നുവിക്കറ്റും ശിവം മാവി, സൗരഭ് കുമാർ, ശിവം ശർമ എന്നിവർ രണ്ടുവിക്കറ്റ് വീതവും വീഴ്ത്തി.