നാട്ടിൽ നാണംകെട്ട് ഓസീസ്; പാക്കിസ്ഥാന് വമ്പൻ ജയം, അഞ്ചുവിക്കറ്റുമായി റൗഫ്
Friday, November 8, 2024 2:42 PM IST
അഡ്ലെയ്ഡ്: പാക്കിസ്ഥാനെതിരേ സ്വന്തം നാട്ടിൽ ഓസ്ട്രേലിയയ്ക്ക് നാണംകെട്ട തോൽവി. അഡ്ലെയ്ഡ് ഏകദിനത്തിൽ ഒമ്പതുവിക്കറ്റിനാണ് പാക് പട ഓസ്ട്രേലിയയെ തറപറ്റിച്ചത്. ആതിഥേയർ ഉയർത്തിയ 164 റൺസിന്റെ കുഞ്ഞൻ വിജയലക്ഷ്യം 141 പന്ത് ബാക്കിനില്‍ക്കെ ഒരുവിക്കറ്റ് നഷ്ടത്തിൽ സന്ദർശകർ മറികടന്നു.
ഓപ്പണർമാരായ സയിം അയൂബും (82) അബ്ദുള്ള ഷഫീഖുമാണ് (64) പാക് വിജയത്തിൽ നിർണായക സംഭാവന നല്‍കിയത്. പാക്കിസ്ഥാനു വേണ്ടി 29 റൺസ് മാത്രം വഴങ്ങി അഞ്ചുവിക്കറ്റ് വീഴ്ത്തിയ ഹാരിസ് റൗഫ് ആണ് ഓസീസ് പടയെ ചുരുട്ടിക്കെട്ടിയത്.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയയുടെ തുടക്കം തകർച്ചയോടെയായിരുന്നു. സ്കോര്‍ബോര്‍ഡില്‍ 21 റണ്‍സ് മാത്രമുള്ളപ്പോള്‍ ജേക്ക് ഫ്രേസര്‍-മക്ഗുര്‍കിനെ (13) നഷ്ടമായി. ഷഹീൻഷാ അഫ്രീദിയുടെ പന്തില്‍ വിക്കറ്റില്‍ മുന്നില്‍ കുടുങ്ങുകയായിരുന്നു താരം.
പിന്നാലെ 19 റൺസുമായി സഹ ഓപ്പണര്‍ മാത്യു ഷോര്‍ട്ടും മടങ്ങി. തുടർന്ന് ക്രീസിൽ ഒന്നിച്ച സ്റ്റീവ് സ്മിത്തും (27) ജോഷ് ഇന്ഗ്ലിസും (18) ചെറുത്തുനിന്നെങ്കിലും അധികനേരം നീണ്ടുനിന്നില്ല. ഇന്‍ഗ്ലിസിനെ പുറത്താക്കി ഹാരിസ് റൗഫ് കൂട്ടുകെട്ട് പൊളിച്ചു.
പിന്നീടെത്തിയ മാര്‍നസ് ലബുഷെയ്ന് (ആറ്), ആരോണ്‍ ഹാര്‍ഡി (14), ഗ്ലെന്‍ മാക്സ്വെല് (16), പാറ്റ് കമ്മിന്‍സ് (13) എന്നിവരെല്ലാം ഹാരിസിന്റെ പേസിന് മുന്നില്‍ കാര്യമായ ചെറുത്തുനില്പില്ലാതെ കീഴടങ്ങി.
ഇതിനിടെ സ്മിത്തിനെ മുഹമ്മദ് ഹസ്നൈനും മിച്ചല്‍ സ്റ്റാര്‍ക്കിനെ (ഒന്ന്) നസീം ഷാ മടക്കി. വാലറ്റത്ത് ആദം സാംപ (18) നടത്തിയ പോരാട്ടമാണ് ഓസീസ് സ്കോര്‍ 150 കടത്തിയത്. ജോഷ് ഹേസല്‍വുഡ് (രണ്ട്) പുറത്താവാതെ നിന്നു.
മറുപടി ബാറ്റിംഗ് ആരംഭിച്ച പാക്കിസ്ഥാന് ഓപ്പണർമാരായ സയിം അയൂബും അബ്ദുള്ള ഷഫീഖും ചേർന്ന് തകർപ്പൻ തുടക്കമാണ് നല്‍കിയത്. 71 പന്തിൽ ആറു സിക്സറും അഞ്ചു ഫോറുമുൾപ്പെടെ 82 റൺസെടുത്ത സയിം അയൂബിനെ ആദം സാംപയാണ് പുറത്താക്കിയത്.
പിന്നാലെ അബ്ദുള്ള ഷഫീഖും (64) ബാബർ അസമും (15) ചേർന്ന് പാക്കിസ്ഥാനെ വിജയത്തിലെത്തിച്ചു. 69 പന്തിൽ നാലു ബൗണ്ടറികളും മൂന്നു സിക്സറുമുൾപ്പെടുന്നതാണ് ഷഫീഖിന്റെ ഇന്നിംഗ്സ്.
ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ 1-1 എന്നനിലയിൽ ഇരുടീമുകളും ഒപ്പത്തിനൊപ്പമെത്തി.