മാതമംഗലത്തെ വിറപ്പിച്ച പുലി എവിടെ? പ്രദേശത്ത് ഇന്നു വ്യാപക തിരച്ചിൽ
Friday, November 8, 2024 8:55 AM IST
കണ്ണൂർ: പയ്യന്നൂർ മാതമംഗലത്ത് വെള്ളോറയിൽ ആടുകളെ കടിച്ചു കൊന്ന പുലിയെ കണ്ടെത്താൻ ഇന്നു വ്യാപക തിരച്ചിൽ നടത്തും. രാവിലെ മുതല്‍ വനംവകുപ്പിന്റെയും ആർആർടിയുടെയും നാൽപ്പതോളം ഉദ്യോഗസ്ഥരാണ് കടവനാട് എസ്റ്റേറ്റിൽ തിരച്ചില്‍ നടത്തുന്നത്. ഇതിന് ശേഷം പുലിയെ പിടികൂടാന്‍ കൂടുകള്‍ സ്ഥാപിക്കും. 24 മണിക്കൂറും വനംവകുപ്പ് സംഘം പ്രദേശത്ത് ക്യാംപ് ചെയ്യുന്നുണ്ട്.
അതേസമയം, വെള്ളോറ, കക്കറ ഭാഗങ്ങളില്‍ സ്ഥാപിച്ച കാമറകളിലൊന്നും പുലിയുടെ ദൃശ്യങ്ങൾ ഇതേവരെ പതിഞ്ഞിട്ടില്ലെന്ന് വനംവകുപ്പ് പറഞ്ഞു. പ്രദേശവാസികൾ പരിഭ്രമിക്കേണ്ടതില്ലെന്നും, വളര്‍ത്തുമൃഗങ്ങള്‍ ഉള്ളവര്‍ ജാഗ്രത പാലിക്കണമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
വ്യാഴാഴ്ച പുലർച്ചയാണ് വെള്ളോറ കടവനാട് അറക്കാല്‍പ്പാറ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന പന്തല്‍മാക്കന്‍ രവീന്ദ്രന് എന്നയാളുടെ വീട്ടിലെ ആടിനെ പുലി കടിച്ചുകൊന്നത്. മറ്റൊരു ആടിന് പരിക്കേറ്റ നിലയിലുമാണ്. ഇതിനു പിന്നാലെ ആടിന് കടിയേറ്റ രീതി പരിശോധിച്ച് പുലിയാകാം ആക്രമിച്ചതെന്ന നിഗമനത്തിൽ വനംവകുപ്പ് എത്തിച്ചേരുകയായിരുന്നു. നേരത്തെ കക്കറയിൽ ഒരു വളർത്തുനായയെ കടിച്ച് കൊണ്ടുപോയി കൊന്നിരുന്നു.