വ്യാപാരിയെ ഹണിട്രാപ്പിൽ കുടുക്കി രണ്ടരക്കോടി തട്ടിയെടുത്തു; ദമ്പതികൾ അറസ്റ്റിൽ
Friday, November 8, 2024 1:58 AM IST
തൃശൂർ: പൂങ്കുന്നം സ്വദേശിയും വ്യാപാരിയുമായ വൃദ്ധനെ ഹണി ട്രാപ്പില്‍ കുടുക്കി രണ്ടരക്കോടി തട്ടിയ ദമ്പതികള്‍ അറസ്റ്റില്‍.
കൊല്ലം അഷ്ടമുടിമുക്ക് ഇഞ്ചവിള തട്ടുവിള പുത്തന്‍വീട്ടില്‍ സോജന് (32), കരുനാഗപ്പള്ളി കൊല്ലക ഒറ്റയില്‍ പടിറ്റതില്‍ വീട്ടില്‍ ഷെമി (ഫാബി, 38) എന്നിവരാണ് പിടിയിലായത്. വ്യാപാരി നല്കിയ പരാതിയില്‍ തൃശൂര്‍ വെസ്റ്റ് പോലീസാണ് പ്രതികളെ അങ്കമാലിയില്‍ നിന്ന് അറസ്റ്റു ചെയ്തത്.
രണ്ടുവര്‍ഷം മുമ്പാണ് വ്യാപാരിയെ സമൂഹ മാധ്യമത്തിലൂടെ ഷെമി പരിചയപ്പെട്ടത്. എറണാകുളത്ത് ഹോസ്റ്റലില്‍ താമസിക്കുന്ന 23കാരി എന്നാണ് പരിചയപ്പെടുത്തിയത്. വിവാഹിതയല്ലെന്ന് പറഞ്ഞ് അടുപ്പം സ്ഥാപിച്ചു. വീഡിയോ കോളുകള്‍ ചെയ്തു.
തുടക്കത്തില്‍ ഹോസ്റ്റല്‍ ഫീസിനും മറ്റുമെന്ന് പറഞ്ഞ് ചെറിയ തുകകള്‍ വാങ്ങി. പിന്നീട് ലൈംഗികച്ചുവയുള്ള മെസേജുകളടക്കം അയച്ചു. പണം തിരികെ ചോദിച്ചപ്പോള്‍ വീഡിയോ കാളുകള്‍ കാട്ടി ഭീഷണിപ്പെടുത്തി. വീണ്ടും പണം തട്ടി. കൈയിലുള്ള പണം തീര്‍ന്നതോടെ വ്യാപാരി, ഭാര്യയുടെയും ഭാര്യാ മാതാവിന്റെയും പേരിലുള്ള ഫിക്സഡ് ഡെപ്പോസിറ്റുകള്‍ പിന്‍വലിച്ചും ഭാര്യയുടെ സ്വര്‍ണാഭരണം പണയം വച്ചുമടക്കം പണം നല്കി.
82 പവന് സ്വര്‍ണം, ഇന്നോവ കാര്‍, ടൊയോട്ട ഗ്ലാന്‍സ കാര്‍, മഹീന്ദ്ര ഥാര്‍ ജീപ്പ്, മേജര്‍ ജീപ്പ്, എന്‍ഫീല്‍ഡ് ബുള്ളറ്റ് തുടങ്ങിയവയും തട്ടിപ്പ് പണമുപയോഗിച്ച് വാങ്ങി.
വീണ്ടും പണം ആവശ്യപ്പെട്ടതോടെ വ്യാപാരി വിവരം മകനോട് പറഞ്ഞതിനെ തുടര്‍ന്നാണ് കഴിഞ്ഞ ഒന്നിന് പോലീസില്‍ പരാതി നല്‍കിയത്.