എഡിഎമ്മിന്റെ മരണം; ദിവ്യയുടെ ജാമ്യാപേക്ഷയിൽ വിധി വെള്ളിയാഴ്ച
Thursday, November 7, 2024 9:46 PM IST
കണ്ണൂർ: എഡിഎം നവീൻ ബാബു ജീവനൊടുക്കിയ കേസിൽ റിമാൻഡിൽ കഴിയുന്ന കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി.ദിവ്യയുടെ ജാമ്യാപേക്ഷയിൽ വെള്ളിയാഴ്ച വിധി പറയും. പ്രോസിക്യൂഷന്റെയും എഡിഎമ്മിന്റെ കുടുംബത്തിന്റെയും വാദം കേട്ട ശേഷം കേസ് വിധി പറയാനായി മാറ്റുകയായിരുന്നു.
തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പറയുന്നത്. നവീന്‍ ബാബു കൈക്കൂലി വാങ്ങി എന്നതിന് തെളിവില്ലെന്ന് പ്രോസിക്യൂഷന് വാദിച്ചിരുന്നു. ജാമ്യം നല്കിയാല് ദിവ്യ സാക്ഷികളെ സ്വാധീനിക്കുമെന്നും അന്വേഷണം അട്ടിമറിക്കപ്പെടുമെന്നും പ്രോസിക്യൂഷന് ചൂണ്ടിക്കാട്ടി.
യാത്രയയപ്പ് ചടങ്ങിലെ ദൃശ്യങ്ങള്‍ മനഃപൂര്‍വം പ്രചരിപ്പിക്കുകയായിരുന്നെന്നും പ്രോസിക്യൂഷന് വാദിച്ചു. കേസ് അന്വേഷിക്കുന്ന പ്രത്യേകസംഘത്തിനെതിരേ നിർണായകമായ ചോദ്യങ്ങൾ ഉയർത്തിക്കൊണ്ടാണ് പ്രതിഭാഗം ജാമ്യഹർജി സമർപ്പിച്ചത്. കൈക്കൂലി ആരോപണവുമായി ബന്ധപ്പെട്ട് എഡിഎം കുറ്റസമ്മതം നടത്തിയെന്നും ദിവ്യയുടെ പ്രസംഗത്തിൽ ആത്മഹത്യാ പ്രേരണയില്ലെന്നും പ്രതിഭാഗം വാദിച്ചു.
എന്നാൽ ദിവ്യയെ പാർട്ടിയുടെ എല്ലാ പദവികളിൽ നിന്നും നീക്കാൻ സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി തീരുമാനിച്ചു. വ്യാഴാഴ്ച ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ഇതു സംബന്ധിച്ച് സംസ്ഥാന കമ്മിറ്റിക്ക് റിപ്പോർട്ട് നൽകി. ദിവ്യയുടെ ഭാഗത്തു നിന്ന് ഗുരുതര വീഴ്ചയുണ്ടായി എന്ന് ജില്ലാ കമ്മിറ്റി വിലയിരുത്തി.