ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കണമെന്ന് പ്രമേയം: ജമ്മു കാഷ്മീർ നിയമസഭയിൽ കൈയാങ്കളി
Thursday, November 7, 2024 3:51 PM IST
ശ്രീനഗര്‍: ജമ്മു കാഷ്മീർ നിയമസഭയിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ കൈയാങ്കളി. കാഷ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കണമെന്ന പ്രമേയത്തിനെതിരായ ബിജെപിയുടെ പ്രതിഷേധം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. പ്രമേയം രാജ്യവിരുദ്ധമാണെന്ന് ബിജെപി ആരോപിച്ചു.
പ്രത്യേക പദവി പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ടുള്ള പ്രമേയം കഴിഞ്ഞ ദിവസം ജമ്മു കാഷ്മീർ നിയമസഭ പാസാക്കിയിരുന്നു. ഇന്നു സഭ സമ്മേളിച്ചപ്പോൾ ബിജെപി എംഎൽഎയും പ്രതിപക്ഷ നേതാവുമായ സുനിൽ ശർമ പ്രമേയത്തിൽ സംസാരിച്ചുകൊണ്ടിരിക്കെ അവാമി ഇത്തിഹാദ് പാർട്ടി എംഎൽഎ ഖുർഷിദ് അഹമ്മദ് ഷെയ്ഖ് ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ബാനർ ഉയർത്തിയതോടെയാണ് നാടകീയ സംഭവങ്ങൾക്ക് തുടക്കമായത്. ഇതേച്ചൊല്ലി ഭരണ-പ്രതിപക്ഷ എംഎൽഎമാർ തമ്മിൽ ഉന്തുംതള്ളുമുണ്ടായി.
പ്രകോപിതരായ ബിജെപി അംഗങ്ങൾ സഭയുടെ നടുത്തളത്തിലേക്ക് ഇറങ്ങുകയും ബാനർ തട്ടിയെടുത്ത് കീറിയെറിയുകയും ചെയ്തു. തുടർന്ന് ബഹളം ശമിപ്പിക്കാൻ 15 മിനിറ്റോളം സ്പീക്കർ സഭ നിർത്തിവച്ചു. എന്നാൽ, ബിജെപി അംഗങ്ങൾ പ്രതിഷേധം തുടർന്നു.
സ്പീക്കറുടെ നിർദേശ പ്രകാരം മൂന്ന് എംഎൽഎമാരെ മാർഷലുകളുടെ അകമ്പടിയോടെ പുറത്താക്കിയെങ്കിലും മറ്റ് പ്രതിപക്ഷ അംഗങ്ങൾ എതിർത്തതോടെ സംഘർഷം രൂക്ഷമായി. ബഹളത്തിനിടയിൽ സ്പീക്കർ അബ്ദുൾ റഹീം റാത്തർ സഭ ഇന്നത്തേക്ക് നിർത്തിവച്ചതായി പ്രഖ്യാപിച്ചു.
പ്രത്യേക പദവി പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ടുള്ള പ്രമേയം കഴിഞ്ഞ ദിവസം ജമ്മു കാഷ്മീർ നിയമസഭ പാസാക്കിയിരുന്നു. 2019ലാണ് ജമ്മു കാഷ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയത്.