സതീശന്റേത് അരോചക ഭാഷ, തന്നോട് പക; എം.ബി. രാജേഷ്
Thursday, November 7, 2024 3:49 PM IST
പാലക്കാട്: പാലക്കാട്ട് കോണ്‍ഗ്രസ് വനിതാ നേതാക്കള്‍ താമസിച്ച മുറിയില്‍ പോലീസ് അര്‍ധരാത്രി പരിശോധന നടത്തിയ സംഭവത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് തനിക്കെതിരേ നടത്തിയ പരാമര്‍ശങ്ങളോട് രൂക്ഷമായി പ്രതികരിച്ച് മന്ത്രി എം.ബി. രാജേഷ്. സതീശന്റേത് രാഷ്ട്രീയനേതാവിന്റെ ഭാഷയല്ല. മറിച്ച് അഹന്തയുള്ള അരോചകമായ ഭാഷയാണെന്ന് അദ്ദേഹം വിമര്‍ശിച്ചു.
രാഷ്ട്രീയത്തില്‍ എതിര്‍പ്പും, വിമര്‍ശനവും സാധാരണമാണ്. എന്നാല്‍ പ്രതിപക്ഷ നേതാവിന് തന്നോട് പകയാണ്. കഴിഞ്ഞ രണ്ട് ദിവസമായി വലിയ ഭീഷണിയും വെല്ലുവിളിയും നടത്തുന്നു. എന്നാൽ ഭീഷണി കേട്ട് "അയ്യോ സതീശേട്ടാ' എന്ന് വിളിച്ച് ചെല്ലുന്ന ആളല്ല താന്‍. ഭീഷണി തന്റെയടുത്ത് വിലപ്പോകില്ലെന്നും മന്ത്രി വ്യക്തമാക്കി.
എംടിയുടെ കഥാപാത്രം സേതുവിനെ പോലെയാണ് സതീശന്. സേതുവിന് സേതുവിനെ മാത്രം മതിയെന്നപോലെയാണ്. പേര് മാത്രം മാറ്റിയാല്‍ മതി. സതീശന്റെ സൗമ്യതയും വിനയവും പുഞ്ചിരിയും ഗോള്‍ വാര്‍ക്കറുടെ ഫോട്ടോയ്ക്ക് മുന്നില്‍ മാത്രമാണ്. ആക്രോശം തനിക്കെതിരെയും. രാഹുലിനെ കുട്ടിസതീശനെന്ന് വിളിച്ച രാജേഷ് കല്യാണികുട്ടിയമ്മക്കെതിരേ രാഹുല്‍ പറഞ്ഞപ്പോള്‍ അതിനെ ശരിവെച്ചയാളാണ് സതീശനെന്നും കുറ്റപ്പെടുത്തി.
പാലക്കാട് കോണ്‍ഗ്രസ് തിരക്കഥയിലെ റോള്‍ ഷാനിമോള്‍ ഭംഗിയായി നിര്‍വഹിച്ചു. പോലീസ് വരുമെന്ന വിവരം ആരോ ഷാനിയെ അറിയിച്ചുവെന്നും അദ്ദേഹം പറഞ്ഞു. പുറത്തുവന്ന സിസിടിവി ദൃശ്യങ്ങള്‍ കാര്യങ്ങള്‍ വ്യക്തമാക്കുന്നു. എന്തിനായിരുന്നു പരിഭ്രാന്തിയെന്ന് സിസിടിവിയില്‍ വ്യക്തമാണ്. പരിശോധന പാതകമല്ലല്ലോ. കള്ളപ്പണ വിവരം കിട്ടിയാല്‍ പോലീസിന് പരിശോധിച്ച് കൂടെയെന്നും മന്ത്രി ചോദിച്ചു.
കോണ്‍ഗ്രസ് കള്ളപ്പണം ഒഴുക്കുകയാണ്. തെലങ്കാന, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്ന് കോടികളാണ് വരുന്നത്. ഈ വരവ് സുഗമമാക്കാന്‍ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി നിലയ്ക്കു നിര്‍ത്തിയിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. കള്ളപ്പണമൊഴുക്ക് സിപിഎം പ്രതിരോധമൊരുക്കുമെന്നും മന്ത്രി പറഞ്ഞു.
പാലക്കാട്ടെ പാതിര റെയ്ഡ് എം.ബി. രാജേഷും ഭാര്യ സഹോദരനായ സിപിഎം നേതാവും ബിജെപി നേതാക്കളുടെ അറിവോടെ നടത്തിയ തിരക്കഥ എന്നായിരുന്നു കഴിഞ്ഞദിവസം സതീശന് ആരോപിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘത്തിന്റെ പിന്തുണ ഇതിനുണ്ട്. വാളയാര്‍ സഹോദരിമാരുടെ മരണത്തില്‍ പ്രതികളെ രക്ഷിക്കാന്‍ സഹായിച്ചയാളും ഇതിന് പിന്നില്‍ ഉണ്ടെന്ന് അദ്ദേഹം ആരോപിച്ചിരുന്നു. എം.ബി. രാജേഷ് രാജിവയ്ക്കണമെന്നും സതീശന് ആവശ്യപ്പെട്ടിരുന്നു.