പെട്ടിയിലുണ്ടായിരുന്നത് പണമായിരുന്നുവെന്ന് തെളിയിച്ചാൽ പ്രചാരണം നിർത്തും: രാഹുൽ മാങ്കൂട്ടത്തിൽ
Wednesday, November 6, 2024 5:18 PM IST
പാലക്കാട് : നീല ട്രോളി ബാഗിൽ ഉണ്ടായിരുന്നത് വസ്ത്രങ്ങളായിരുന്നുവെന്നും പണമായിരുന്നുവെന്ന് തെളിയിച്ചാൽ താൻ തെരഞ്ഞെടുപ്പ് പ്രചാരണം നിർത്തുമെന്നും പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ. നീല ട്രോളി ബാഗുമായി നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു രാഹുലിന്റെ പ്രതികരണം.
കെപിഎം ഹോട്ടൽ അധികൃതരും പൊലീസും ഹോട്ടലിന്റെ മുമ്പിലെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വിടണമെന്നും രാഹുൽ ആവശ്യപ്പെട്ടു. താൻ എപ്പോളാണ് ഹോട്ടലിൽ വന്നതെന്നും പോയതെന്നും അതിൽ നിന്നു മനസിലാകുമെന്നും രാഹുൽ പറഞ്ഞു.
നീല ട്രോളി ബാഗ് കൈമാറാമെന്നും രാഹുൽ വ്യക്തമാക്കി. കള്ളപ്പണ ഇടപാട് നടന്നെങ്കിൽ പോലീസ് എന്തുകൊണ്ട് തെളിയിക്കുന്നില്ലെന്നും രാഹുൽ ചോദിച്ചു.
"ഈ ട്രോളി ബെഡ് റൂമിൽ വെച്ച് തുറന്നു നോക്കിയിട്ടുണ്ട്. ആ സിസിടിവി പരിശോധിക്കട്ടെ. കറുത്ത ബാഗ് കൂടി കൈയിൽ ഉണ്ടായിരുന്നു. പണം ഉണ്ടെന്നാണ് പറയുന്നതെങ്കിൽ അതെവിടെ എന്നും പറയുന്നവർ തെളിയിക്കണം.
ബാഗിൽ ഡ്രസ് ആയിരുന്നു ഉണ്ടായിരുന്നത്. ഷാഫിയും ഞാനും ഡ്രസ്സ് മാറി മാറി ഇടാറുണ്ട്. ട്രോളി ബാഗുമായിട്ട് ഇന്നലെ മാത്രമല്ല എപ്പോളും പോകാറുണ്ട്. ഇനി കോൺഗ്രസ് മീറ്റിങ് നടത്തുമ്പോൾ ആരെയൊക്കെ വിളിക്കണം എന്ന് സിപിഎം ജില്ലാ സെക്രട്ടറി തീരുമാനിക്കട്ടേയെന്നും രാഹുൽ പരിഹസിച്ചു.