കള്ളപ്പണവിവരം ലഭിച്ചാല്‍ ആരാണെന്ന് നോക്കിയല്ല കേരള പോലീസ് വാതില്‍ മുട്ടുന്നത്: പി.കെ. ശ്രീമതി
Wednesday, November 6, 2024 12:18 PM IST
പാലക്കാട്: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട്ട് കോണ്‍ഗ്രസ് വനിതാ നേതാക്കള്‍ താമസിച്ച മുറിയില്‍ പോലീസ് നടത്തിയ പരിശോധന സ്വാഭാവിക കാര്യമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി .കെ. ശ്രീമതി. ഹോട്ടലുകളില്‍ കള്ളപ്പണം എത്തിയെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയായിരുന്നു അത്. യുഡിഎഫ് നേതൃത്വം കള്ളപ്പണം വച്ചിട്ടുണ്ടെന്ന് വിവരം ലഭിച്ചാല്‍ ആരാണെന്ന് നോക്കിയല്ല കേരള പോലീസ് വാതില്‍ മുട്ടുന്നതെന്നും അവര്‍ പറഞ്ഞു.
യുഡിഎഫ് പലരീതിക്കുള്ള പ്രസ്താവനകള്‍ ഇറക്കും. അതിലൊന്നും യാതൊരു വസ്തുതയുമില്ല. തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ വേണ്ടി ഏത് തന്ത്രവും പയറ്റുന്നത് ആരെന്ന് കേരളത്തിലെ ജനങ്ങള്‍ മനസിലാക്കിയിട്ടുണ്ടെന്നും ശ്രീമതി പ്രതികരിച്ചു. ധര്‍മരാജന്റെ ആരോപണത്തില്‍ ഷാഫി പറമ്പില്‍ എംപി ഇതുവരെ മറുപടി പറയാന്‍ തയാറായിട്ടില്ലെന്നും അവർ ചൂണ്ടിക്കാട്ടി.
ചൊവ്വാഴ്ച അര്‍ധരാത്രിയാണ് പോലീസ് സംഘം കോണ്‍ഗ്രസ് വനിതാ നേതാക്കള്‍ താമസിച്ച ഹോട്ടലില്‍ പരിശോധനയ്ക്കെത്തിയത്. ഷാനിമോള്‍ ഉസ്മാന്, ബിന്ദു കൃഷ്ണ എന്നീ വനിതാ നേതാക്കളുടെ മുറികളിലും പരിശോധന നടത്തി. പോലീസ് പരിശോധനയ്ക്കിടെ സിപിഎം, ബിജെപി നേതാക്കളും പ്രവര്‍ത്തകരും എത്തിയതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥയുണ്ടായി. പലതവണ പ്രവര്‍ത്തകര്‍ തമ്മില്‍ കൈയാങ്കളിയുമുണ്ടായി.
റെയ്ഡ് സിപിഎം തിരക്കഥയാണെന്നും തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ കാണിക്കുന്ന നെറികെട്ട രാഷ്ട്രീയക്കളിയാണിതെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. കൊടകര കുഴല്‍പ്പണക്കേസില്‍ മുഖം നഷ്ടപ്പെട്ട ബിജെപിയും അവര്‍ക്കെല്ലാ സഹായവും ചെയ്തുകൊടുത്ത സിപിഎം നേതൃത്വവും ജാള്യത മറയ്ക്കാന്‍ വേണ്ടി തയാറാക്കിയ പാതിരാ നാടകമാണ് റെയ്ഡെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് വിമർശിച്ചു. പി.കെ. ശ്രീമതി താമസിച്ച മുറിയിൽ പരിശോധന നടത്തിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.