സ്ത്രീയെന്ന രീതിയിൽ സ്വത്വബോധത്തെ ചോദ്യം ചെയ്ത നടപടി; മറുപടി പറയിക്കും: ഷാനിമോൾ ഉസ്മാൻ
Wednesday, November 6, 2024 9:00 AM IST
പാലക്കാട്: പാലക്കാട്ട് കോൺഗ്രസ് വനിതാ നേതാക്കൾ താമസിക്കുന്ന മുറിയിൽ പോലീസ് അർധരാത്രി പരിശോധന നടത്തിയ സംഭവത്തിൽ രാഷ്ട്രീയ വിവാദം കത്തുന്നു. പോലീസിന്റെ ഭാഗത്തുനിന്ന് വളരെ മോശമായ നടപടിയാണുണ്ടായതെന്ന് ഷാനിമോൾ ഉസ്മാൻ മാധ്യമങ്ങളോടു പറഞ്ഞു. സ്ത്രീയെന്ന രീതിയിൽ തന്റെ സ്വത്വബോധത്തെ ചോദ്യം ചെയ്ത നടപടിയാണിതെന്നും അവർ കൂട്ടിച്ചേർത്തു.
"രാത്രി പന്ത്രണ്ട് മണി കഴിഞ്ഞ്, 12.02 എന്ന് വേണമെങ്കില്‍ പറയാം.. ഈ വാതിലില്‍ മുട്ടിക്കൊണ്ടിരിക്കുകയാണ്. അത് കഴിഞ്ഞിട്ട് പിന്നെ തള്ളുകയാണ്. ബെല്ലും അടിച്ചു. വാതിലിനുള്ളിലെ ലെന്‍സിലൂടെ പുറത്തേക്ക് നോക്കിയപ്പോള്‍ നാല് പുരുഷ പോലീസുകാര്‍ അവിടെ നില്‍ക്കുകയാണ്. ഞാന്‍ അവിടെ നിന്നിട്ട് പറഞ്ഞു, ഞാന്‍ ഷാനിമോള്‍ ഉസ്മാന് ആണ്. മുന്‍ എംഎല്‍എയാണ്. എന്താണ് കാര്യമെന്ന് ചോദിച്ചു. റൂം തുറന്നില്ല.
അപ്പോള്‍ പറഞ്ഞു, 'നിങ്ങള്‍ റൂം തുറക്കണം'. റൂം തുറക്കാന്‍ സാധ്യമല്ല ഈ സമയത്ത്, എന്താണ് കാര്യമെന്ന് പറയാന്‍ പറഞ്ഞു. 'തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യമാണെന്ന്' പറഞ്ഞു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യം ഇപ്പോള്‍ സംസാരിക്കേണ്ട കാര്യമില്ല. നിങ്ങള്‍ക്കെന്നോട് സംസാരിക്കണമെങ്കില്‍ നിങ്ങള്‍ നേരെ റിസപ്ഷനില്‍ ചെന്നിട്ട് എന്റെ ഫോണില്‍ സംസാരിക്കൂ എന്ന് പറഞ്ഞു.
എന്നിട്ട് അവരങ്ങ് പോയി. കുറച്ച് കഴിഞ്ഞപ്പോള്‍ വെളിയില്‍ ബഹളം കേള്‍ക്കുകയാണ്. ഇവര്‍ മാത്രമുള്ളപ്പോള്‍ എനിക്ക് വെളിയില്‍ ഇറങ്ങി വരേണ്ട കാര്യമില്ല ആ സമയത്ത്. ബഹളം കേട്ട് നോക്കുമ്പോള്‍ ബിന്ദു കൃഷ്ണയുടെയൊക്കെ ശബ്ദം കേള്‍ക്കുന്നുണ്ട്. ഞാന്‍ പെട്ടെന്ന് ഡ്രസ് മാറിയിട്ട് പുറത്തിറങ്ങി വന്നു.
അപ്പോള്‍ 'നിങ്ങളുടെ മുറിയില്‍ കയറണ'മെന്ന് പറഞ്ഞു. മുറിയില്‍ കയറുന്നതിന് കുഴപ്പമില്ല, തിരിച്ചറിയൽ കാര്‍ഡ് കാണണമെന്ന് പറഞ്ഞു. ഇവരുടെ ആരുടെയും കൈയില്‍ തിരിച്ചറിയൽ കാര്‍ഡുകളില്ല. മഫ്തിയിലുള്ളവരുണ്ട്, യൂണിഫോമിട്ടവരുണ്ട്. ഇതിനകത്തുള്ളത് ആരാണെന്ന് എനിക്കറിഞ്ഞുകൂടാ. തിരിച്ചറിയൽ കാര്‍ഡ് കാണിക്കൂ എന്ന് പറഞ്ഞു. ഇതിനെല്ലാം മുഴുവന്‍ മാധ്യമപ്രവര്‍ത്തകരും സാക്ഷിയാണ്.'- ഷാനിമോൾ ഉസ്മാൻ പറഞ്ഞു.
പൊതുപ്രവര്‍ത്തക എന്ന നിലയില്‍ അന്തസിന് ഉണ്ടായിരിക്കുന്ന ബുദ്ധിമുട്ടിന് രാഷ്ട്രീയ നേതൃത്വത്തേക്കൊണ്ട് മറുപടി പറയിക്കുമെന്നും അവര്‍ പറഞ്ഞു. മുറി പരിശോധിച്ചെങ്കില്‍ എന്ത് ലഭിച്ചു എന്ന് രേഖാമൂലം അറിയിക്കണം. തോന്നുമ്പോള്‍ കയറിവന്ന് പരിശോധിക്കാനും ഇറങ്ങിപ്പോകാനും മാര്‍ക്കറ്റൊന്നുമല്ല ഇതെന്നും ഷാനിമോള്‍ ഉസ്മാന് പറഞ്ഞു.
ഒരു സ്ത്രീയുടെ അവകാശങ്ങളെ സംബന്ധിച്ച് പോലീസിന് കൃത്യമായ മാർഗനിർദേശങ്ങളുള്ള നാട്ടിൽ ഇത് ഒരു കാരണവശാലും അംഗീകരിക്കില്ലെന്നും ഷാനിമോൾ ഉസ്മാൻ വ്യക്തമാക്കി.
കോൺഗ്രസ് നേതാക്കൾ ട്രോളി ബാഗിൽ പണം എത്തിച്ച് വിതരണം ചെയ്തെന്ന് ആരോപിച്ചാണ് ഷാനിമോൾ ഉസ്മാന്റെയും ബിന്ദു കൃഷ്ണയുടെയും മുറികളിൽ പരിശോധന നടത്തിയത്.