ആന എഴുന്നള്ളിപ്പ്; കര്‍ശന നിയന്ത്രണങ്ങള്‍ ശിപാര്‍ശ ചെയ്ത് അമിക്കസ് ക്യൂറി
Tuesday, November 5, 2024 3:42 PM IST
കൊച്ചി: ആന എഴുന്നള്ളിപ്പിന് കര്‍ശന നിയന്ത്രണങ്ങള്‍ ശിപാര്‍ശ ചെയ്ത് ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറിയുടെ റിപ്പോർട്ട്. മതപരമായ ചടങ്ങുകള്‍ക്ക് മാത്രമേ ആനകളെ ഉപയോഗിക്കാവൂ എന്ന് റിപ്പോർട്ടിൽ പറയുന്നു.
സ്വകാര്യചടങ്ങുകള്‍, ഉദ്ഘാടനങ്ങള്‍ എന്നിവയ്ക്ക് ആനകളെ ഉപയോഗിക്കരുത്. തലപ്പൊക്കമല്‍സരം, വണങ്ങല്‍, പുഷ്പവൃഷ്ടി എന്നിവ പാടില്ലെന്നും റിപ്പോർട്ടിൽ ശിപാർശയുണ്ട്.
രണ്ട് എഴുന്നള്ളിപ്പിനിടയില്‍ 24 മണിക്കൂര്‍ നിര്‍ബന്ധിത വിശ്രമം വേണം. 65 വയസ് കഴിഞ്ഞ ആനകളെ എഴുന്നള്ളിപ്പിന് ഉപയോഗിക്കരുത്. ആനകളെ 30 കിലോമീറ്ററില്‍ കൂടുതല്‍ നടത്താന്‍ പാടില്ല.
ആനകളും കാണികളും തമ്മില്‍ പത്ത് മീറ്റര്‍ അകലം വേണം. ആനകള്‍ തമ്മില്‍ മൂന്ന് മീറ്റര്‍ അകലം വേണം. എഴുന്നള്ളിപ്പിന് അഞ്ചില്‍ കൂടുതല്‍ ആനകള്‍ ഉണ്ടെങ്കില്‍ പ്രത്യേക അനുമതി വാങ്ങണമെന്നും റിപ്പോർട്ടിൽ പറയുന്നു
ആനയെഴുന്നള്ളിപ്പിനെതിരേ ഹൈക്കോടതി കഴിഞ്ഞയിടെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. തിമിംഗലം കരയിലെ ജീവിയല്ലാത്തതിന് ദൈവത്തിന് നന്ദി പറയണമെന്നും ആനയെ എഴുന്നള്ളിക്കുന്നത് ദുരിതവും ഭീകരവുമാണെന്നും കോടതി പറഞ്ഞിരുന്നു.