എഡിഎമ്മിന്റെ മരണം: ദിവ്യയുടെ ജാമ്യാപേക്ഷയിൽ വിധി വെള്ളിയാഴ്ച
Tuesday, November 5, 2024 2:20 PM IST
കണ്ണൂർ: കണ്ണൂർ എഡിഎം നവീൻ ബാബു ജീവനൊടുക്കിയ കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻപ്രസിഡന്റും സിപിഎം നേതാവുമായ പി.പി.ദിവ്യയുടെ ജാമ്യാപേക്ഷയിൽ തലശേരി ജില്ലാ കോടതി വെള്ളിയാഴ്ച വിധി പറയും. ഇന്ന് ദിവ്യയുടെയും പ്രോസിക്യൂഷന്റെയും എഡിഎമ്മിന്റെ കുടുംബത്തിന്റെയും വാദം കേട്ട ശേഷം കേസ് വിധിപറയാനായി മാറ്റുകയായിരുന്നു.
സെഷന്‍സ് ജഡ്ജി കെ.ടി. നിസാര്‍ അഹമ്മദ് മുന്‍പാകെയാണ് വാദം നടന്നത്. ജാമ്യാപേക്ഷയില്‍ പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ കെ. അജിത്കുമാറാണ് വാദം നടത്തിയത്. അന്വേഷണ റിപ്പോര്‍ട്ട് പ്രോസിക്യൂട്ടര്‍ കോടതിയില്‍ നല്കി. ദിവ്യയ്ക്കുവേണ്ടി അഡ്വ. കെ. വിശ്വനും നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയ്ക്കുവേണ്ടി അഡ്വ. ജോണ്‍ എസ്. റാല്‍ഫും ജാമ്യാപേക്ഷയില്‍ വാദം നടത്തി.
നവീൻ ബാബുവിന്റെ മരണം അന്വേഷിക്കുന്ന പ്രത്യേകസംഘത്തിനെതിരേ നിർണായകമായ ചോദ്യങ്ങൾ ഉയർത്തിക്കൊണ്ടാണ് പ്രതിഭാഗം ജാമ്യഹർജി സമർപ്പിച്ചത്. കൈക്കൂലി ആരോപണവുമായി ബന്ധപ്പെട്ട് എഡിഎം കുറ്റസമ്മതം നടത്തിയെന്നും ദിവ്യയുടെ പ്രസംഗത്തിൽ ആത്മഹത്യാ പ്രേരണയില്ലെന്നും പ്രതിഭാഗം വാദിച്ചു.
തെറ്റുപറ്റിയെന്ന് നവീന്‍ ബാബു പറഞ്ഞതായുള്ള കളക്ടറുടെ മൊഴി നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്നതിന് തെളിവാണെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
പരിയാരം മെഡിക്കല്‍ കോളജിലെ ജീവനക്കാരനായിരുന്ന പരാതിക്കാരൻ പ്രശാന്തന് കൈക്കൂലി നല്‍കിയെന്ന് ആരോഗ്യവകുപ്പ് തയാറാക്കിയ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടെന്നും നവീന്‍ ബാബു കൈക്കൂലി വാങ്ങി എന്നതിന് തെളിവായി ഈ രേഖ സ്വീകരിക്കണമെന്നും ദിവ്യയുടെ അഭിഭാഷകന് ആവശ്യപ്പെട്ടു. കൂടാതെ, നവീന്‍ ബാബുവും പ്രശാന്തനും തമ്മിൽ ബന്ധപ്പെട്ടതിന്റെ തെളിവായി ഫോണ്‍ രേഖകളും ചില സിസിടിവി ദൃശ്യങ്ങളും ഹാജരാക്കി.
എന്നാൽ, നവീന്‍ ബാബു കൈക്കൂലി വാങ്ങി എന്നതിന് തെളിവില്ലെന്ന് പ്രോസിക്യൂഷന് വാദിച്ചു. ജാമ്യം നല്കിയാല് ദിവ്യ സാക്ഷികളെ സ്വാധീനിക്കുമെന്നും അന്വേഷണം അട്ടിമറിക്കപ്പെടുമെന്നും പ്രോസിക്യൂഷന് ചൂണ്ടിക്കാട്ടി. യാത്രയയപ്പ് ചടങ്ങിലെ ദൃശ്യങ്ങള്‍ മനഃപൂര്‍വം പ്രചരിപ്പിക്കുകയായിരുന്നെന്നും പ്രോസിക്യൂഷന് വാദിച്ചു.