പിന്തുണ പാർലമെന്റിൽ ഒതുങ്ങണം; കോൺഗ്രസിനോടുള്ള "യെച്ചൂരി നയം' മാറ്റി സിപിഎം
Tuesday, November 5, 2024 10:45 AM IST
ന്യൂഡൽഹി: കോൺഗ്രസിനോടുള്ള സമീപനത്തിൽ സീതാറാം യെച്ചൂരിയുടെ നയം മാറ്റി സിപിഎം. കേന്ദ്ര കമ്മിറ്റി തയാറാക്കിയ പാർട്ടി കോൺഗ്രസിനുള്ള കരട് രാഷ്ട്രീയ അവലോകന റിപ്പോർട്ടിലാണ് നയം മാറ്റം വ്യക്തമാക്കുന്നത്.
ഇന്ത്യാ സഖ്യവുമായുള്ള സഹകരണം പാർലമെന്റിലും ചില തെരഞ്ഞെടുപ്പുകളിലും ഒതുങ്ങണം എന്ന് റിപ്പോർട്ടിൽ പറയുന്നു. കോൺഗ്രസിന്റെ മൃദുഹിന്ദുത്വ നിലപാടുകളെ തുറന്നു കാട്ടണം. ഇസ്ലാമിക മതമൗലിക വാദത്തെ ശക്തമായി ചെറുക്കണം.
സോഷ്യലിസത്തിൽ ഊന്നി പാർട്ടിയുടെ സ്വതന്ത്ര ശക്തി വർധിപ്പിക്കണം, ഹിന്ദുത്വ ശക്തികളുടെ ‘മനുവാദി’ നയങ്ങളെ തുറന്നു കാട്ടണം. ഇടതു പാർട്ടികളുടെ ഐക്യത്തിന് പ്രാധാന്യം നൽകണം തുടങ്ങി 14 നിർദേശങ്ങളാണ് കരട് റിപ്പോര്‍ട്ടിൽ മുന്നോട്ട് വച്ചിരിക്കുന്നത്. പാര്‍ട്ടി കോണ്‍ഗ്രസിലായിരിക്കും കരട് പ്രമേയം അംഗീകരിക്കുക.
ബിജെപിയാണ് മുഖ്യശത്രുവെന്നും അവരെ തോല്‍പ്പിക്കാൻ ആരുമായും സഖ്യമാകാമെന്നുമായിരുന്നു യെച്ചൂരിയുടെ നയം. ബിജെപിയെ തടയാൻ ഇന്ത്യാ മുന്നണിയെ പാര്‍ലമെന്റിലും പുറത്തും ശക്തമാക്കണമെന്നതായിരുന്നു യെച്ചൂരിയുടെ നിലപാട്. ഈ നയത്തിൽ മാറ്റം വരുത്തിക്കൊണ്ടാണ് കരട് റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്.