"മല്ലു ഹിന്ദു ഐഎഎസ് ഓഫീസേഴ്സ്' വാട്സ്ആപ്പ് ഗ്രൂപ്പ്: വിഷയം പരിശോധിക്കുമെന്ന് മന്ത്രി രാജീവ്
Monday, November 4, 2024 10:54 AM IST
ന്യൂഡല്‍ഹി: വ്യവസായ വകുപ്പ് ഡയറക്ടര്‍ കെ. ഗോപാലകൃഷ്ണന് ഗ്രൂപ്പ് അഡ്മിനായി ഹിന്ദു ഐഎഎസ് ഉദ്യോഗസ്ഥരുടെ വാട്സ്ആപ്പ് ഗ്രൂപ്പുണ്ടാക്കിയ സംഭവത്തില്‍ പരിശോധന നടത്തുമെന്ന് വ്യവസായമന്ത്രി പി. രാജീവ്. വിഷയം ഗൗരവമുള്ളതാണെന്നും അദ്ദേഹം ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
മതത്തിന്റെ അടിസ്ഥാനത്തിലുള്ള വിഭജനങ്ങള്‍ വരുന്നത് ഗൗരവമുള്ള കാര്യമാണ്. ഇതു സംബന്ധിച്ച് സര്‍ക്കാര്‍ പരിശോധന നടത്തും. പൊതുഭരണവുമായി ബന്ധപ്പെട്ട് പൊതുവായ പെരുമാറ്റച്ചട്ടമുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ പരിശോധന നടത്തും. അതിനുശേഷം വിഷയത്തില്‍ കൂടുതല്‍ പ്രതികരിക്കാമെന്നും മന്ത്രി വ്യക്തമാക്കി.
ദീപാവലിയുടെ തലേന്നാണ് ഇത്തരത്തില്‍ ഒരു ഗ്രൂപ്പ് ആരംഭിക്കപ്പെട്ടതും അംഗങ്ങളെ ചേര്‍ത്തതും. ഒരു മതവിഭാഗത്തില്‍ പെട്ടവരെ മാത്രമാണ് ഗ്രൂപ്പില്‍ ചേര്‍ത്തിരുന്നത്. എന്നാല്‍ സംഭവം വിവാദമായതോട ഗ്രൂപ്പ് ഡിലീറ്റ് ചെയ്തു. തന്റെ വാട്സ്ആപ്പ് ഹാക്ക് ചെയ്തുവെന്നു കാണിച്ച് കെ.ഗോപാലകൃഷ്ണന് സൈബര്‍ പോലീസില്‍ പരാതിയും നല്കി.
ഐഎഎസ് ഉദ്യോഗസ്ഥരെ അമ്പരിപ്പിച്ചുകൊണ്ടാണ് കഴിഞ്ഞ ദിവസം ഇത്തരത്തല്‍ ഒരു വാട്സ്ആപ്പ് ഗ്രൂപ്പുണ്ടാക്കിയത്. കെ. ഗോപാലകൃഷ്ണന് അഡ്മിന് ആയ ഗ്രൂപ്പില്‍ സര്‍വീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അടക്കമുള്ള അംഗങ്ങള്‍ ആഡ് ചെയ്യപ്പെട്ടു. ഗ്രൂപ്പില്‍ ചേര്‍ക്കപ്പെട്ട ഉദ്യോഗസ്ഥരില്‍ ചിലര്‍ ഇത്തരമൊരു ഗ്രൂപ്പ് ഉണ്ടാക്കുന്നതിന്റെ ആശങ്ക ഗോപാലകൃഷ്ണനെ അറിയിച്ചെന്നാണ് വിവരം.
അധികം വൈകാതെ ഗ്രൂപ്പ് ഡിലീറ്റാകുകയും ചെയ്തു. ഗ്രൂപ്പില്‍ അംഗങ്ങള്‍ ആയിരുന്നവര്‍ക്ക് പിന്നീട് ഗോപാലകൃഷ്ണന്റെ സന്ദേശവും എത്തി. തന്റെ ഫോണ്‍ ആരോ ഹാക്ക് ചെയ്തുവെന്നും ഫോണ്‍ കോണ്ടാക്ടിലുള്ളവരെ ചേര്‍ത്ത് 11 ഗ്രൂപ്പുകള്‍ ഉണ്ടാക്കിയെന്നുമായിരുന്നു സന്ദേശം. മാന്വലി ഗ്രൂപ്പുകളെല്ലാം ഡിലീറ്റ് ചെയ്തെന്നും ഉടന്‍ ഫോണ്‍ മാറ്റുമെന്നും സഹപ്രവര്‍ത്തകര്‍ക്ക് അറിയിപ്പും നല്‍കിയിരുന്നു.