കാനഡയിലെ ബ്രാംപ്ടണിൽ ഖലിസ്ഥാൻ ആക്രമണം
Monday, November 4, 2024 5:17 AM IST
ബ്രാംപ്ടൺ: കാനഡയിലെ ബ്രാംപ്ടണിൽ ഹിന്ദു ക്ഷേത്രം ആക്രമിച്ച് ഖലിസ്ഥാൻ വാദികൾ. ബ്രാംപ്ടണിലെ ഹിന്ദു മഹാ സഭ ക്ഷേത്രത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഒരുപറ്റം ആളുകൾ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങളുമായി ക്ഷേത്രത്തിലേക്ക് പ്രകടനം നടത്തുകയായിരുന്നു.
ക്ഷേത്ര കാവടത്തിൽ നിന്ന ഭക്തരെയും ഇന്ത്യയുടെ പതാക ഏന്തിയ ആളുകളെയും ക്ഷേത്ര മതിലിന് അകത്തേക്ക് കടന്നു കയറിയ ഖലിസ്ഥാൻ അനുകൂലികൾ മർദിക്കുച്ചു. സംഭവ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നില്ല.
എന്നാൽ പ്രതിഷേധത്തെക്കുറിച്ച് അറിയാമായിരുന്നെന്ന് പീൽ റീജിനൽ പൊലീസ് പറഞ്ഞു. കനേഡിയൻ ചാർട്ടർ ഓഫ് റൈറ്റ്സ് ആൻഡ് ഫ്രീഡം പ്രകാരം പ്രതിഷേധിക്കാനുള്ള വ്യക്തിഗത അവകാശത്തെ തങ്ങൾ മാനിക്കുന്നുണ്ടെങ്കിലും, പൊതു ക്രമം നിലനിർത്തുന്നതിനും എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും തങ്ങൾക്ക് ഉത്തരവാദിത്തമുണ്ടെന്ന് പീൽ പൊലീസ് വ്യക്തമാക്കി.
ബ്രാംപ്ടണിലെ ഹിന്ദു സഭാ ക്ഷേത്രത്തിൽ നടന്ന ആക്രമണത്തിൽ ആശങ്കയുണ്ടെന്ന് ഫെഡറൽ മന്ത്രി അനിത ആനന്ദ് എക്സിൽ കുറിച്ചു.‘ഹിന്ദുക്കൾ ഉൾപ്പെടെ എല്ലാ മതങ്ങൾക്കും ആരാധനാലയങ്ങൾ സന്ദർശിക്കാനും ആക്രമണങ്ങളില്ലാതെ അവരുടെ മതം ആചരിക്കാനും അവകാശമുണ്ട്’ എന്നും അവർ ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞു.