ഷൊർണൂര്‍ അപകടം; മരിച്ചവരുടെ കുടുംബത്തിന് തമിഴ്നാട് സർക്കാർ മൂന്നു ലക്ഷം രൂപ നൽകും
Sunday, November 3, 2024 11:03 PM IST
ചെന്നൈ: ഷൊർണൂരിന് സമീപം ട്രെയിൻ തട്ടി മരിച്ച തൊഴിലാളികളുടെ കുടുംബത്തിന് തമിഴ്നാട് സർക്കാർ മൂന്നു ലക്ഷം രൂപ നൽകും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽ നിന്ന് മരിച്ചവരുടെ കുടുംബത്തിന് മൂന്ന് ലക്ഷം രൂപ വീതം നൽകാൻ മുഖ്യമന്ത്രി നിർദേശം നൽകി.
ശനിയാഴ്ച ഉണ്ടായ അപകടത്തിൽ റെയിൽവേ കരാർ തൊഴിലാളികളും സേലം അയോധ്യപട്ടണം സ്വദേശികളുമായ ലക്ഷ്മണൻ (60), ഭാര്യ വള്ളി (55), റാണി (45), റാണിയുടെ ഭര്‍ത്താവ് ലക്ഷ്മണൻ (48) എന്നിവരാണ് മരിച്ചത്. അപകടത്തിൽ റെയിൽവേയുടെ ഭാഗത്ത് സുരക്ഷാ വീഴ്ചയില്ലെന്നാണ് പാലക്കാട് ഡിവിഷൻ അധികൃതർ പറഞ്ഞു.
ശുചീകരണ തൊഴിലാളികൾ ട്രാക്കിലൂടെ നടന്നത് പിഴവാണെന്നും ട്രാക്കിന് തൊട്ടടുത്തുള്ള റോഡ് ഉപയോഗിച്ചില്ലെന്നും റെയിൽവേ കുറ്റപ്പെടുത്തി. ട്രാക്കിലൂടെ നടക്കുന്നതിന് മുമ്പ് ആർപിഎഫിന്റെ അനുമതി വാങ്ങിയില്ലെന്നും തൊഴിലാളികൾ നടന്ന പാളത്തിൽ ട്രെയിനുകൾക്ക് വേഗ പരിധിയില്ലെന്നും റെയിൽവേ പറയുന്നു.