ഷൊർണൂർ അപകടം: ഒരു ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു
Saturday, November 2, 2024 11:48 PM IST
പാലക്കാട്: ഷൊർണൂരിൽ ട്രെയിൻ ഇടിച്ച് മൂന്നു പേർ മരിച്ച സംഭവത്തിൽ റെയിൽവേ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബത്തിന് റെയിൽവേ ഒരു ലക്ഷം രൂപ നൽകും. അപകടത്തിൽ റെയിൽവേയുടെ ഭാഗത്ത് സുരക്ഷാ വീഴ്ചയില്ലെന്ന് പാലക്കാട് റെയിൽവേ ഡിവിഷൻ അറിയിച്ചു.
ശുചീകരണ തൊഴിലാളികൾ ട്രാക്കിലൂടെ നടന്നത് പിഴവാണെന്നും ട്രാക്കിന് തൊട്ടടുത്തുള്ള റോഡ് ഉപയോഗിച്ചില്ലെന്നും റെയിൽവേ കുറ്റപ്പെടുത്തി. ട്രാക്കിലൂടെ നടക്കുന്നതിന് മുമ്പ് ആർപിഎഫിന്റെ അനുമതി വാങ്ങിയില്ലെന്നും തൊഴിലാളികൾ നടന്ന പാളത്തിൽ ട്രെയിനുകൾക്ക് വേഗപരിധിയില്ലെന്നും റെയിൽവേ പറയുന്നു.
തൊഴിലാളികളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിൽ കരാറുകാരന് വീഴ്ച പറ്റിയെന്ന് കുറ്റപ്പെടുത്തി ശുചീകരണ കരാർ തന്നെ റെയിൽവേ റദ്ദാക്കി.