വായ്പ എഴുതിത്തള്ളാമെന്ന് സതീഷിനു സിപിഎം വാഗ്ദാനം: ബിജെപി
Saturday, November 2, 2024 6:10 PM IST
തൃശൂർ: കുഴൽപ്പണ കേസിൽ ബിജെപി മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീഷിന്റെ വെളിപ്പെടുത്തൽ സിപിഎം ആസൂത്രിതമെന്ന് ബിജെപി. സിപിഎം നേതാവ് എം.കെ. കണ്ണന് പ്രസിഡന്റായ തൃശൂര്‍ സര്‍വീസ് സഹകരണ ബാങ്കിലെ തന്റെ പേരിലുള്ള ഭവനവായ്പ എഴുതിത്തള്ളാമെന്ന മോഹന വാഗ്ദാനത്തിൽ മയങ്ങിയാണു സതീഷ് ആസൂത്രിത വെളിപ്പെടുത്തൽ നടത്തിയിട്ടുള്ളത്.
ഇതിന്റെ ഭാഗമായി കണ്ണനും എ.സി. മൊയ്തീൻ എംഎൽഎയയും ദിവസങ്ങൾക്ക് മുമ്പ് സതീഷുമായി ഒരു സ്വകാര്യ ഹോട്ടലിൽ കൂടിക്കാഴ്ച നടത്തിയെന്നും ബിജെപി നേതാക്കൾ ആരോപിച്ചു. തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ പാലക്കാടും ചേലക്കരയിലും ബിജെപിക്കു ജനങ്ങൾ നല്കുന്ന പിന്തുണയിൽ വിറളിപൂണ്ടാണ് സിപിഎം കെട്ടുകഥകളുമായി രംഗത്തെത്തുന്നതെന്നു ബിജെപി നേതൃത്വം പറയുന്നു.
തൃശൂര്‍ സര്‍വീസ് സഹകരണ ബാങ്കിൽനിന്ന് താൻ വീടുപണിക്കായി 19 ലക്ഷം രൂപ വായ്പയെടുത്തിട്ടുണ്ടെന്നും അതിപ്പോൾ 21 ലക്ഷം രൂപ വരെയായെന്നും സതീഷ്തന്നെ പറഞ്ഞിട്ടുള്ളത് ബിജെപി നേതാക്കൾ ചൂണ്ടിക്കാട്ടി. കോക്കുളങ്ങരയിലെ വീട് ഇപ്പോൾ ജപ്തി നടപടികള്‍ നേരിടുകയാണ്. പലതവണ ബാങ്കുകാര് ജപ്തിക്കായി വന്നിരുന്നുവെന്ന് സതീഷ് പറഞ്ഞിട്ടുണ്ട്.
ഈ സാഹചര്യത്തിലാണ് ബിജെപിയിൽനിന്നു പുറത്താക്കിയ തിരൂർ സതീഷിനെ സിപിഎം തത്കാലം ജപ്തിയിൽനിന്ന് ഒഴിവാക്കാമെന്നും തെരഞ്ഞെടുപ്പിനുശേഷം പിന്നീടു വായ്പ എഴുതിത്തള്ളാമെന്നും വാഗ്ദാനം നല്‍കിയത്. വീടിനും വീട്ടുകാർക്കും സിപിഎം പ്രാദേശിക പ്രവർത്തകരുടെ സംരക്ഷണവും ഉറപ്പുനല്‍കിയിട്ടുണ്ട്. നിലവിൽ തിരൂർ സതീഷിന്റെ വീട്ടിൽ പോലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.