ഇന്ത്യ 263ന് പുറത്ത്, ഒന്നാം ഇന്നിംഗ്സ് ലീഡ്; ആദ്യ വിക്കറ്റ് നഷ്ടമായി ന്യൂസിലന്‍ഡ്
Saturday, November 2, 2024 2:02 PM IST
മുംബൈ: ന്യൂസിലന്‍ഡിനെതിരായ മൂന്നാം ടെസ്റ്റില്‍ ഇന്ത്യയുടെ ആദ്യ ഇന്നിംഗ്സ് 263 റണ്‍സില്‍ അവസാനിച്ചു. 28 റണ്‍സ് ആണ് ഇന്ത്യയുടെ ലീഡ്. ന്യൂസിലന്‍ഡിന്റെ ആദ്യ ഇന്നിംഗ്സ് 235 അവസാനിച്ചിരുന്നു. മൂന്നുമത്സര പരമ്പരയില്‍ ഇതാദ്യമായാണ് ഇന്ത്യ ഒന്നാമിന്നിംഗ്സ് ലീഡ് നേടുന്നത്
സ്പിന്നിനെ തുണയ്ക്കുന്ന വാങ്ക്ഡെയിലെ പിച്ചില്‍ ഇന്ത്യയുടെ മുന്‍നിര ബാറ്റര്‍മാര്‍ പതറിയിരുന്നു. എന്നാല്‍ ശുഭ്മാന്‍ ഗില്ലിന്റേയും ഋഷഭ് പന്തിന്റേയും പോരാട്ടമാണ് ഇന്ത്യയ്ക്ക് ലീഡ് സമ്മാനിച്ചത്. 146 പന്തുകള്‍ നേരിട്ട ഗില്‍ 90 റണ്‍സ് നേടിയിരുന്നു. ഏഴു ബൗണ്ടറികളും ഒരു സിക്സറും അടങ്ങിയതായിരുന്നു ആ നിര്‍ണായക ഇന്നിംഗ്സ്.
ഏകദിന ശൈലിയില്‍ ബാറ്റു വീശിയ പന്ത് 59 പന്തുകളില്‍ നിന്ന് 60 റണ്‍സ് നേടി. എട്ടു ബൗണ്ടറികളും രണ്ട് സിക്സറുകളുമായിരുന്നു അദ്ദേഹത്തിന്റെ സംഭാവന. ഇരുവരും ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ 96 റണ്‍സാണ് ഇന്ത്യയ്ക്കായി നേടിയത്. വാഷിംഗ്ടണ്‍ സുന്ദര്‍ 36 പന്തുകളില്‍ നിന്ന് 38 റണ്‍സ് നേടി പുറത്താകാതെ നിന്നു.
മറുപടി ബാറ്റിംഗിനിറങ്ങിയ കിവീസിന് തുടക്കത്തില്‍ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി. ഒരു റണ്‍സുമായി ടോം ലാഥമാണ് പറത്തായത്. ആകാശ് ദീപിനാണ് വിക്കറ്റ്. നിലവില്‍ അഞ്ച് ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 15 റണ്‍സാണ് കിവീസിനുള്ളത്.
ആദ്യ രണ്ടു ടെസ്റ്റ് മത്സരങ്ങളും ജയിച്ച കിവീസ് നേരത്തെ തന്നെ പരമ്പര നേടിക്കഴിഞ്ഞു. മൂന്നാം ടെസ്റ്റിലും ജയം ആവര്‍ത്തിച്ച് ചരിത്രത്തിലാദ്യമായി ഇന്ത്യന്‍ മണ്ണില്‍ പരമ്പര തൂത്തുവാരുകയാണ് അവരുടെ ലക്ഷ്യം. അതേസമയം വൈറ്റ് വാഷ് ഒഴിവാക്കി മാനം കാക്കാനാണ് ഇന്ത്യയുടെ ശ്രമം.