ഇന്നും ഇടിഞ്ഞു സ്വര്‍ണവില
Saturday, November 2, 2024 11:48 AM IST
കൊച്ചി: സകല റിക്കാര്‍ഡുകളും ഭേദിച്ച് മുന്നേറുന്നതിനിടെ വെള്ളിയാഴ്ച താഴേക്കുവീണ സ്വര്‍ണവില ഇന്നും ഇടിഞ്ഞു. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവന് സ്വര്‍ണത്തിന് 58,960 രൂപയിലും ഗ്രാമിന് 7,370 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
60,000 തൊടുമെന്ന് തോന്നിപ്പിച്ച സ്വര്ണവിലയാണ് തുടര്‍ച്ചായി രണ്ടാംദിനവും ഇടിഞ്ഞത്. ഒക്ടോബര്‍ ആദ്യം 56,400 രൂപയായിരുന്നു സ്വര്‍ണവില. പത്തിന് 56,200 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ റിക്കാര്‍ഡുകള്‍ ഭേദിച്ച് വില ഉയരുന്നതാണ് ദൃശ്യമായത്.
പിന്നീട് ഒക്ടോബര്‍ 16നാണ് വില പവന് 57,000 രൂപ കടന്നത്.19 ന് ഇത് 58,000 രൂപയും കടന്നു. അതിന് ശേഷം 58,000 രൂപയ്ക്ക് താഴോട്ട് പോയിട്ടില്ല. 29ന് 59,000 കടന്ന സ്വര്‍ണവില വീണ്ടും കുതിച്ചുയരുകയാണുണ്ടായത്.
ആഗോളവിപണിയിലെ മുന്നേറ്റങ്ങളാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. ആഗോള വിപണിയില്‍ സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് അടുത്തതും, ഓഹരി വിപണികളില്‍ തുടരുന്ന അനിശ്ചിതത്വവുമാണ് ആഗോളവിപണിയെ സ്വാധീനിച്ചത്.