"കെ.സുരേന്ദ്രനുമായി അടുത്ത ബന്ധം'; ബിജെപിയെ കുടുക്കി ധര്‍മരാജന്റെ മൊഴി
Saturday, November 2, 2024 11:21 AM IST
തൃശൂര്‍: കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപിയെ കൂടുതല്‍ പ്രതിരോധത്തിലാക്കി ധര്‍മരാജന്റെ മൊഴി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനുമായി അടുത്ത ബന്ധമാണുള്ളതെന്ന് ധര്മരാജന് തന്റെ മൊഴിപ്പകര്‍പ്പില്‍ സമ്മതിക്കുന്നതായാണ് വിവരം.
വാജ്പേയി സര്‍ക്കാരിന്റെ കാലം മുതല്‍ സുരേന്ദ്രനുമായി ബന്ധമുണ്ട്. അദ്ദേഹവുമായി നിരവധി പണമിടപാടുകള്‍ നടത്തിയിട്ടുണ്ട്. ചെറുപ്പത്തില്‍ ആര്എസ്എസുകാരന് ആയിരുന്നുവെന്നും അദ്ദേഹം പറയുന്നു.
അമിത് ഷാ തെരഞ്ഞെടുപ്പ് പ്രചരണത്തിന് വന്നപ്പോള്‍ തിരുവനന്തപുരത്ത് പോയി. സുരേന്ദ്രന്റെ കോന്നിയിലെ ഇലക്ഷന് പരിപാടിക്ക് വന്നപ്പോഴും പോയിരുന്നു. അസംബ്ലി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോന്നിയില്‍ മൂന്നുതവണ പോയെന്നും ധര്‍മരാജന്റെ മൊഴിയില്‍ പറയുന്നു.
കൊടകര കുഴല്‍പ്പണം ബംഗളൂരുവില്‍ നിന്നാണ് എത്തിച്ചതെന്നും ശ്രീനിവാസന് എന്നയാളില്‍ നിന്നുമാണ് തുക കൈപറ്റിയതെന്നും മൊഴിയില്‍ പറയുന്നു. 2021 മാര്‍ച്ച് 26ന് ബിജെപി തൃശൂര്‍ ഓഫീസിലേക്ക് 6.5 കോടി രൂപ കൊണ്ടുവന്നു. അതില്‍ 6.3 കോടി അവിടെ എത്തിച്ചു.
പണം ഏറ്റുവാങ്ങിയത് അന്നത്തെ ട്രഷറര്‍ സുജയ്സേനന്‍ ആണെന്നും ധര്മരാജന് പറയുന്നു. ഹോട്ടലില്‍ മുറി ബുക്ക് ചെയ്തു തന്നത് മുന്‍ ഓഫീസ് സെക്രട്ടറി സതീശ് ആണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
കൊടകരയില്‍ വച്ച് പണം നഷ്ടമായതിന് പിന്നാലെ പരാതി നല്‍കാതിരുന്നത് കുടുങ്ങും എന്ന് ഭയമുള്ളതിനാല്‍ ആയിരുന്നെന്നും അദ്ദേഹം പറയുന്നു. പണം നഷ്ടമായതിന് പിന്നാലെ സുരേന്ദ്രന് തന്നെ വിളിച്ചിരുന്നതായും ഇയാള്‍ വ്യക്തമാക്കുന്നു. തദ്ദേശ-നിയമസഭാ തെരഞ്ഞെടുപ്പുകളിലും കള്ളപ്പണം എത്തിച്ചിരുന്നതായി ധര്മരാജന് കൂട്ടിച്ചേര്‍ക്കുന്നു.
അതേസമയം, കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപി നേതാക്കളുടെ പങ്ക് വ്യക്തമാക്കിയാണ് പോലീസിന്റെ ആദ്യ കുറ്റപത്രം. ധര്മരാജന് ഹവാല ഏജന്റാണെന്നും കേസില്‍ തുടരന്വേഷണം ആവശ്യമാണെന്നും പോലീസ് പറയുന്നു. കേസില്‍ തുടരന്വേഷണം വേണമോ പുനഃരന്വേഷണം വേണമോ എന്ന കാര്യം സതീശിന്റെ മൊഴിക്ക് ശേഷമായിരിക്കും തീരുമാനിക്കുക.