ദിവ്യയ്ക്ക് പാർട്ടി കാവൽ; ഉടൻ നടപടി വേണ്ടെന്ന് സിപിഎം
Wednesday, October 30, 2024 2:23 PM IST
കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം പി.പി.ദിവ്യയ്ക്കെതിരേ ഉടൻ പാർട്ടി നടപടിയില്ല. ഇന്ന് ചേർന്ന് അവയ്ലബിൾ കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് യോഗമാണ് തിടുക്കത്തിൽ നടപടി വേണ്ടെന്ന തീരുമാനത്തിൽ എത്തിയത്.
വിഷയത്തിൽ ഇന്ന് കാര്യമായ ചർച്ച തന്നെ ഉണ്ടായില്ല. അതിനാൽ തന്നെ ഉടൻ സംഘടനാ നടപടിയില്ലെന്ന സൂചനയാണ് സിപിഎം നൽകുന്നത്. സമ്മേളന കാലയളവായതിനാൽ കൂടുതൽ വിവാദങ്ങൾ വേണ്ടെന്ന അഭിപ്രായമാണ് നേതൃത്വത്തിനുള്ളത്.
സമ്മേളനവേളയിൽ സാധാരണ ഗതിയിൽ സിപിഎം അച്ചടക്ക നടപടി സ്വീകരിക്കാറില്ല. എന്നാൽ ദിവ്യയെ ജില്ലാ കമ്മിറ്റിയിൽ നിന്നും തരംതാഴ്ത്തുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.
നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി ദിവ്യക്കെതിരേ പരസ്യമായ രംഗത്തെത്തിയിരുന്നു. ദിവ്യക്കെതിരേ നടപടി വേണമെന്ന ഉറച്ച നിലപാടിലായിരുന്നു പത്തനംതിട്ട ജില്ലാ നേതൃത്വം.