ചരിത്രംകുറിച്ച് സ്വർണം! വീണ്ടും റിക്കാർഡ് കുതിപ്പ്, പവന് 59,000 തൊട്ടു
Tuesday, October 29, 2024 10:52 AM IST
കൊച്ചി: സംസ്ഥാനത്ത് സകല റിക്കാർഡുകളും ഭേദിച്ച് സ്വർണക്കുതിപ്പ് തുടരുന്നു. ചരിത്രത്തിലാദ്യമായി സ്വർണം 59,000 രൂപ എന്ന നാഴികക്കല്ല് പിന്നിട്ടു. പവന് 480 രൂപയും ഗ്രാമിന് 60 രൂപയുമാണ് ഇന്ന് ഒറ്റയടിക്ക് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 59,000 രൂപയിലും ഗ്രാമിന് 7,375 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 6,075 രൂപയാണ്.
തിങ്കളാഴ്ച ഒറ്റയടിക്ക് 360 രൂപ കുറഞ്ഞ ശേഷമാണ് ഇന്ന് വീണ്ടും കുതിച്ചത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 56,400 രൂപയായിരുന്നു സ്വര്‍ണവില. പത്തിന് 56,200 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ റിക്കാര്‍ഡുകള്‍ ഭേദിച്ച് വില ഉയരുന്നതാണ് ദൃശ്യമായത്.
ശനിയാഴ്ച 58,880 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ ഉയരവും കുറിച്ചു. പവന് 59,000 കടന്നും മുന്നേറുമെന്ന് തോന്നിപ്പിച്ച ഘട്ടത്തിലാണ് തിങ്കളാഴ്ച സ്വര്‍ണവില താഴ്ന്നത്. എന്നാൽ ഒരു ദിവസത്തിനു ശേഷം ആ നാഴികക്കല്ലും സ്വർണം പിന്നിട്ടു.
ആഗോളവിപണിയിലെ മുന്നേറ്റങ്ങളാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. ആഗോള വിപണിയില്‍ 24 മണിക്കൂറിനിടെ സ്വര്‍ണവില ഔണ്‍സിന് 11.24 ഡോളര്‍ (0.41%) വർധിച്ച് 2,754.11 ഡോളറിലാണ് വ്യാപാരം നടക്കുന്നത്.
അതേസമയം, വെള്ളിയുടെ വിലയിലും വർധനയുണ്ട്. നിലവില്‍ വെള്ളി ഗ്രാമിന് 106.90 രൂപയാണ്. എട്ടുഗ്രാം വെള്ളിക്ക് 855.20 രൂപയും 100 ഗ്രാമിന് 10,690 രൂപയും, കിലോയ്ക്ക് 1,06,900 രൂപയുമാണ്.