തൃശൂർ പൂരം കലങ്ങിയില്ലെങ്കിൽ എന്തിനാണ് പുതിയ എഫ്ഐആറെന്ന് വി. മുരളീധരൻ
Monday, October 28, 2024 5:39 PM IST
പാലക്കാട്: തൃശൂർ പൂരം കലങ്ങിയില്ലെങ്കിൽ പിന്നെ എന്തിനാണ് പുതിയ എഫ്ഐആർ രജിസ്റ്റർ ചെയ്തതെന്ന് ബിജെപി നേതാവ് വി. മുരളീധരൻ. മറ്റ് മതവികാരങ്ങളുടെ പിന്തുണ നേടാൻ ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തുകയാണ് മുഖ്യമന്ത്രിയെന്നും ഇതിനേക്കാൾ ഭയങ്കരമായി ഭാവിയിൽ പൂരം കലക്കുമെന്നാണ് മുഖ്യമന്ത്രിയുടെ വാക്കുകളിൽ നിന്ന് മനസിലാകുന്നതെന്നും മുരളീധരൻ പറഞ്ഞു.
പുതിയ എഫ്ഐആറിലൂടെ ദേവസ്വം ഭാരവാഹികളുടെ പേരിൽ കേസ് എടുക്കാനാണ് നീക്കമെങ്കിൽ, ഹൈന്ദവ വിശ്വാസികൾ പ്രതിഷേധവുമായി ഇറങ്ങേണ്ടി വന്നാൽ ഉത്തരവാദി പിണറായി മാത്രമാകുമെന്നുംഅദ്ദേഹം പറഞ്ഞു.
പാലക്കാട് കോൺഗ്രസിന്റെ രണ്ട് സ്ഥാനാർഥികൾക്കെതിരെയാണ് ബിജെപി മത്സരിക്കുന്നതെന്നും കോൺഗ്രസിന് വോട്ട് മറിക്കാനാണോ ചിഹ്നം നൽകാതെ സിപിഎം സ്ഥാനാർഥിയെ നിർത്തിയതെന്നും മുരളീധരൻ ചോദിച്ചു.