സാദിഖലി തങ്ങൾക്കെതിരേ വിമർശനവുമായി സമസ്ത സെക്രട്ടറി
Monday, October 28, 2024 11:09 AM IST
കോഴിക്കോട്: മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കെതിരേ വിമർശനവുമായി സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കം. യോഗ്യമില്ലാത്ത പലരും ഖാസിമാരായിട്ടുണ്ടെന്നും രാഷ്ട്രീയത്തിന്റെ പേരിൽ ഖാസിയാകാനും ചിലരുണ്ടെന്നും ഉമർ ഫൈസി പറഞ്ഞു.
പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ ചില കാര്യങ്ങൾ തുറന്നുപറയേണ്ടി വരുമെന്നും അദ്ദേഹംപറഞ്ഞു. ഖാസിയെ സംബന്ധിച്ചിടത്തോളം എന്ത് വേണം? അവരുടെ മുമ്പിൽ വരുന്ന പ്രശ്നങ്ങൾ പരിഹരിക്കാനുള്ള വിവരം അദ്ദേഹത്തിന് വേണ്ടേ? അങ്ങനെ ഉണ്ട് എന്ന് അവർ അവകാശപ്പെടുന്നില്ലെന്നും ഉമർ ഫൈസി പറഞ്ഞു.
മൂപ്പര് കിതാബ് ഓതിയ ആളാണ്, അല്ലെങ്കിൽ അങ്ങനത്തെ ആളാണ് എന്ന് ആരും പറയുന്നില്ല. സമസ്ത സിഐസി വിഷയത്തിൽ ഒരു കാര്യം പറഞ്ഞു. അത് കേൾക്കാൻ തയാറില്ല. പണ്ട് അങ്ങനെയാണോ? സമസ്ത എന്ത് പറയുന്നു അതിന്റെ കൂടെ ആയിരുന്നു. ഇന്ന് അതിന് തയാറല്ല. സമസ്തയെ വെല്ലുവിളിച്ചു വേറെ സംഗതി ഉണ്ടാക്കുകയാണ്.
അതുകൊണ്ട് അവര് കരുതിയിരുന്നോണം. ഞങ്ങളുടെ അടുത്ത് ആയുധങ്ങളുണ്ട് എന്ന്. ആയുധങ്ങളുണ്ട് എന്നതുകൊണ്ട് ആവശ്യം വരുമ്പോൾ അത് എടുക്കും എന്ന ഭയം നിങ്ങൾക്ക് നല്ലതാ. അതിരുവിട്ട് പോകുന്നുണ്ട് നിങ്ങൾ. വിവരമില്ലാത്തവനെ ഖാസിയാക്കിയാലും അവിടത്തെ ഖാസിയാകുമെന്നും ഉമർ ഫൈസി മുക്കം പറഞ്ഞു.