ദിവ്യയെ സംരക്ഷിച്ച്.., തിടുക്കത്തിൽ നടപടി വേണ്ടെന്ന് സിപിഎം
Saturday, October 26, 2024 2:56 PM IST
തിരുവനന്തപുരം: എഡിഎം നവീന്റെ ബാബുവിന്റെ മരണത്തിൽ പ്രതിചേർക്കപ്പെട്ട കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യയെ സംരക്ഷിച്ച് സിപിഎം. ദിവ്യയ്ക്കെതിരെ തിടുക്കത്തിൽ നടപടി വേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി.
ദിവ്യ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ 29ന് തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി വിധി പറയും. എഡിഎം നവീൻ ബാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ ദിവ്യയ്ക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി കേസെടുത്തിരുന്നു. തുടർന്ന് മുൻകൂർ ജാമ്യത്തിനായി ദിവ്യ കോടതിയെ സമീപിക്കുകയായിരുന്നു.
അതേസമയം കൂറുമാറ്റ കോഴ വിവാദത്തിൽ സിപിഎം സെക്രട്ടേറിയറ്റിൽ ചർച്ചയായില്ല. ജനാധിപത്യ കേരള കോൺഗ്രസ് എംഎൽഎ ആന്റണി രാജു, ആർഎസ്പി ലെനിനിസ്റ്റ് എംഎൽഎ കോവൂർ കുഞ്ഞുമോൻ എന്നിവർക്ക് 50 കോടി രൂപ വീതം വാഗ്ദാനം ചെയ്ത് ബിജെപിക്കൊപ്പമുള്ള എന്‍സിപി അജിത് പവാര്‍ പക്ഷത്തേക്ക് മാറ്റാന്‍ കുട്ടനാട് എംഎൽഎയും എൻസിപി ശരദ്പവാർ പക്ഷക്കാരനുമായ തോമസ് കെ. തോമസ് ശ്രമിച്ചുവെന്നാണ് ആരോപണം.