ഹാറ്റ്സ് പദ്ധതിയിൽ വിവരങ്ങള്‍ ശേഖരിച്ച് സോഷ്യല്‍ പോലീസ് ഡയറക്ടറേറ്റ്
സീമ മോഹന്‍ലാല്‍
Saturday, October 26, 2024 1:01 PM IST
കൊച്ചി: സംസ്ഥാനത്തെ പോലീസ് ഉദ്യോഗസ്ഥരുടെ മാനസിക സമ്മര്‍ദം കുറയ്ക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ച് സോഷ്യല്‍ പോലീസ് ഡയറക്ടറേറ്റ്. സംസ്ഥാനത്ത് മാനസിക സമ്മര്‍ദം മൂലം അഞ്ചു വര്‍ഷത്തിനിടെ 90 ഓളം പോലീസ് ഉദ്യോഗസ്ഥര്‍ ആത്മഹത്യ ചെയ്ത സാഹചര്യത്തിലാണ് സോഷ്യല്‍ പോലീസ് ഡയറക്ടറേറ്റ് പോലീസ് ഉദ്യോഗസ്ഥരുടെ പ്രശ്നങ്ങളെക്കുറിച്ച് പഠനം നടത്തുന്നത്.
ഇതിനായി സംസ്ഥാനത്തെ മുഴുവന്‍ പോലീസ് ഉദ്യോഗസ്ഥരില്‍നിന്നും ഗൂഗിള്‍ ഫോമിലൂടെ വിവര ശേഖരണം ആരംഭിച്ചു. ഹെല്‍ത്ത് ആന്‍ഡ് അസിസ്റ്റന്‍സ് ടു ടാക്കിള്‍ സ്ട്രെസ് (ഹാറ്റ്സ്) എന്ന പദ്ധതി വഴിയാണ് വിവരശേഖരണം നടത്തുന്നത്. പോലീസുകാരുടെ സ്വകാര്യ വിവരങ്ങള്‍ വെളിപ്പെടുത്തില്ല.
മാനസിക സമ്മര്‍ദം, അതിലേക്ക് നയിക്കുന്ന കാരണങ്ങള്‍, ജോലി സമ്മര്‍ദം, അഞ്ചു വര്‍ഷത്തിനിടയില്‍ എത്ര സ്ഥലം മാറ്റം കിട്ടിയിട്ടുണ്ട്, അച്ചടക്ക നടപടി സ്വീകരിച്ചിട്ടുണ്ടോ, കുടുംബത്തോടൊപ്പം ചെലവഴിക്കാന്‍ സമയം ലഭിക്കുന്നുണ്ടോ, തുടങ്ങിയ വിവരങ്ങളാണ് ഗൂഗിള്‍ ഫോം വഴി ശേഖരിക്കുന്നത്.
ഒരാഴ്ചയ്ക്കകം സര്‍വേ പൂര്‍ത്തിയാകുമെന്ന് തിരുവനന്തപുരം ഡിഐജിയും സോഷ്യല്‍ പോലീസിംഗ് വിഭാഗം ഡയറക്ടറുമായ അജിത ബീഗം പറഞ്ഞു. പോലീസ് ഉദ്യോഗസ്ഥരുടെ മാനസിക ശാരീരിക നില മെച്ചപ്പെടുത്തുകയാണ് സര്‍വേയിലൂടെ ലക്ഷ്യമിടുന്നത്. സര്‍വേ ഫലത്തിന്റെ അടിസ്ഥാനത്തില്‍ എന്തെല്ലാം മാറ്റങ്ങള്‍ വരുത്തണമെന്നതു സംബന്ധിച്ച് തീരുമാനമെടുക്കുമെന്നും ഡയറക്ടര്‍ പറഞ്ഞു.
പോലീസ് ഉദ്യോഗസ്ഥരുടെ മാനസിക ശാരീരിക നില മെച്ചപ്പെടുത്തുന്നതിനുള്ള പ്രോഗ്രാമുകള്‍ സംഘടിപ്പിക്കും. നിലവില്‍ പോലീസ് ഉദ്യോഗസ്ഥരുടെ മാനസിക സമ്മര്‍ദം കുറയ്ക്കുന്നതിനായി ഹാറ്റ്സിന്റെ നേതൃത്വത്തില്‍ കൗണ്‍സിലിംഗ് പദ്ധതികള്‍ ഉണ്ടെങ്കിലും പലരും അത് പ്രയോജനപ്പെടുത്തുന്നില്ല.
പഠന ഫലത്തിന്റെ അടിസ്ഥാനത്തില്‍ ഓരോ പോലീസ് സ്റ്റേഷനുകളിലും മെന്റര്‍ എന്ന നിലയില്‍ ഒരു ഓഫീസറെ നിയമിച്ച് സംസ്ഥാന തലത്തില്‍ പരിശീലനം നല്‍കും. ജില്ലാടിസ്ഥാനത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മെന്റര്‍മാരുടെ സഹായം തേടാനാകും. സര്‍വേ ഫലം ജില്ലാ അടിസ്ഥാനത്തിലുള്ള കൗണ്‍സിലര്‍ക്ക് നല്കി പോലീസ് ഉദ്യോഗസ്ഥര്‍ക്ക് വേണ്ട മാനസിക പിന്തുണ ഉറപ്പാക്കും.
വര്‍ഷത്തില്‍ ഒരിക്കല്‍ പോലീസ് ഉദ്യോഗസ്ഥരുടെ മെഡിക്കല്‍ ചെക്കപ്പ് നിര്‍ബന്ധമാക്കും. ന്യൂട്രീഷന്‍ ക്ലാസുകള്‍, സമയക്കുറവിനിടയിലും ലളിതമായി ചെയ്യാവുന്ന വ്യായാമങ്ങള്‍ എന്നിവയ്ക്ക് പ്രത്യേകം ക്ലാസുകള്‍ നല്‍കുമെന്നും അജിതാബീഗം പറഞ്ഞു.