പിന്നെയും ഞെട്ടിച്ച് സ്വര്‍ണം; ഇന്ന് വര്‍ധിച്ചത്...
Saturday, October 26, 2024 12:07 PM IST
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും റിക്കാര്‍ഡില്‍. പവന് ഇന്ന് 520 രൂപ വര്‍ധിച്ചു. ഗ്രാമിന് 65 രൂപയാണ് കൂടിയത്. ഇതോടെ, ഒരു പവന് സ്വര്‍ണത്തിന് 58,880 രൂപയിലും ഗ്രാമിന് 7,360 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
നേരത്തെ 58,720 രൂപയായി ഉയര്‍ന്ന സ്വര്‍ണവിലയില്‍ രണ്ടുദിവസങ്ങള്‍ക്കു മുമ്പ് ചെറിയ കുറവ് രേഖപ്പെടുത്തിയിരുന്നു. പിന്നീട് സര്‍ണവില കുതിപ്പ് തുടരുകയായിരുന്നു. വില 59,000 കടന്നും മുന്നേറുമെന്ന പ്രതീക്ഷയാണ് കാണിക്കുന്നത്. ഡിസംബറോടെ സ്വര്‍ണം ഗ്രാമിന് 7,550 മുതല്‍ 80,00 രൂപ വരെ വിലയെത്തുമെന്നാണ് അനലിസ്റ്റുകളുടെ വിലയിരുത്തൽ.
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വില 7,360 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 6,060 രൂപയാണ്. അതേസമയം വെള്ളിയുടെ വിലയില്‍ മാറ്റമില്ല. കഴിഞ്ഞദിവസം ഒരു രൂപ കുറഞ്ഞ് ഒരു ഗ്രാം വെള്ളിയുടെ വില 104 രൂപയായിരുന്നു.
ഈ മാസത്തിന്റെ തുടക്കത്തില്‍ 56,400 രൂപയായിരുന്നു സ്വര്‍ണവില. പത്തിന് 56,200 രൂപയായി കുറഞ്ഞ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. പിന്നീട് സ്വര്‍ണവില കുതിക്കുന്നതാണ് കണ്ടത്.
ആഗോള വിപണിയിലെ ചലനങ്ങളാണ് പ്രാദേശിക വിപണികളില്‍ പ്രതിഫലിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപ് വിജയിച്ചാല്‍ യുഎസ് ഡോളര്‍ നേട്ടം കൈവരിക്കുമെന്നും ഇത് സ്വര്‍ണവിലയെയും ബാധിക്കുമെന്നുമാണ് വിവരം.