വട്ടംകറക്കി ജഡേജ, ന്യൂസിലന്‍ഡ് 255ന് പുറത്ത്; ഇന്ത്യക്ക് വിജയലക്ഷ്യം...
Saturday, October 26, 2024 11:02 AM IST
പൂന: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റിന്റെ മൂന്നാംദിവസം ആവേശകരം. മൂന്നാം ദിനത്തില്‍ 255ന് ന്യൂസിലന്‍ഡിന്റെ എല്ലാവരും പുറത്തായി. രവീന്ദ്ര ജഡേജയുടെയും അശ്വിന്റെയും പന്തുകള്‍ക്ക് മുന്നില്‍ ന്യൂസിലന്‍ഡ് നിലംപരിശാവുകയായിരുന്നു.
19.4 ഓവറില്‍ 72 റണ്‍സ് വിട്ടുകൊടുത്ത് മൂന്നുവിക്കറ്റുകള്‍ ജഡേജ വീഴ്ത്തി. 25 ഓവറില്‍ 97 റണ്‍സ് വിട്ടുകൊടുത്ത രവിചന്ദ്രന്‍ അശ്വിന് ഇന്ന് ഒരു വിക്കറ്റ് സ്വന്തമാക്കി. ന്യൂസിലന്‍ഡിനായി ഗ്ലെന്‍ ഫിലിപ്സ് 48 റണ്‍സുമായി പുറത്താകാതെ നിന്നു.
അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സുമായി ബാറ്റിംഗ് പുനരാംഭിച്ച ന്യൂസിലന്‍ഡ് ഇന്നിംഗ്സ് 255ല്‍ അവസാനിക്കുകയായിരുന്നു. 48 റണ്‍സിന്റെ ആറാം വിക്കറ്റ് കൂട്ടുകെട്ട് പൊളിച്ച് ജഡേജ കളിയിലെ തന്റെ ആദ്യ വിക്കറ്റ് സ്വന്തമാക്കി. 83 പന്തില്‍ 41 റണ്‍സ് നേടിയ ടോം ബ്ലണ്ടല്‍ ബൗള്‍ഡാവുകയായിരുന്നു. പിന്നീട് മിച്ചല്‍ സാന്റ്നര്‍ (നാല്), അജാസ് പട്ടേല്‍ (ഒന്ന്) എന്നിവരും ജഡേജയ്ക്ക് മുന്നില്‍ കീഴടങ്ങി.
ടിം സൗത്തിയെ അശ്വിന് മടക്കി. അവസാന ബാറ്ററായ വില്യം ഒറൂക്കെ റണ്ണൗട്ടായി. ഇന്ത്യക്കായി വാഷിംഗ്ടണ്‍ സുന്ദര്‍ നാലും രവീന്ദ്ര ജഡേജ മൂന്നും അശ്വിന് രണ്ടും വിക്കറ്റെടുത്തു.
മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 21 റണ്‍സ് നേടിയിട്ടുണ്ട്. 11 പന്തില്‍ 16 റണ്‍സുമായി യശ്വസി ജയ്സ്വാളും ഏഴ് പന്തില്‍ നാലുറണ്‍സുമായി രോഹിത് ശര്‍മയുമാണ് ക്രീസില്‍. 359 റണ്‍സ് ആണ് ഇന്ത്യയുടെ വിജയലക്ഷ്യം.
നേരത്തെ, ന്യൂസിലന്‍ഡിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 259ന് മറുപടിയായി ഇന്ത്യ 156 റണ്‍സിന് പുറത്തായിരുന്നു.