ഒരു വാഗ്ദാനത്തിന്റേയും പിന്നാലെപോകുന്ന ആളല്ല; എന്നും ഇടതുപക്ഷത്തിനൊപ്പം: കോവൂര്‍ കുഞ്ഞുമോന്
Friday, October 25, 2024 10:17 AM IST
കൊല്ലം: എന്‍സിപി അജിത് പവാര്‍ പക്ഷത്തേക്ക് കൂറുമാറാന്‍ തോമസ് കെ. തോമസ് 50 കോടി രൂപ വാഗ്ദാനം ചെയ്തെന്ന ആരോപണം തള്ളി കോവൂര്‍ കുഞ്ഞുമോന് എംഎല്‍എ. കുട്ടനാട് എംഎല്‍എ തുക വാഗ്ദാനം നല്‍കിയെന്നത് വാസ്തവ വിരുദ്ധമാണ്. അദ്ദേഹവുമായി ഒരു കൂടിക്കാഴ്ചയും നടന്നിട്ടില്ല. ജീവിതത്തില്‍ കളങ്കം വരുത്തിയ വാര്‍ത്തയാണിതെന്നും കുഞ്ഞുമോന് പറഞ്ഞു.
35 വര്‍ഷമായി പൊതുപ്രവര്‍ത്തന രംഗത്ത് നില്ക്കുന്നു. 25 വര്‍ഷമായി എംഎല്‍എയാണ്. അര്‍ഹിച്ചതൊന്നും തനിക്കും ആർഎസ്പി ലെനിനിസ്റ്റ് പാര്‍ട്ടിക്കും കിട്ടിയിട്ടില്ല. യുഡിഎഫ് പല വാഗ്ദാനങ്ങളും തന്നു. പക്ഷെ അവര്‍ക്കൊപ്പം പോയില്ല. ഒരു വാഗ്ദാനത്തിന്റേയും പുറകെപോകുന്ന ആളല്ല താന്‍. എന്നും ഇടതുപക്ഷത്തിനൊപ്പം നില്ക്കും. സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്നും കുഞ്ഞുമോന് ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി പിണറായി വിജയന് തന്നെ വിളിപ്പിച്ചിരുന്നു. കൊട്ടാരക്കരയിൽ വച്ച് അദ്ദേഹത്തെ കണ്ടു. ഒരു കൂടിക്കാഴ്ചയ്ക്കും പോയിട്ടില്ലെന്ന് അദ്ദേഹത്തെ അറിയിച്ചുവെന്നും കുന്നത്തൂർ എംഎൽഎ വ്യക്തമാക്കി.
നേരത്തെ, അജിത് പവാര്‍ പക്ഷത്തേക്ക് രണ്ട് എംഎല്‍എമാരെ എത്തിക്കാന്‍ 50 കോടി രൂപ വീതം തോമസ് കെ. തോമസ് വാഗ്ദാനം ചെയ്തുവെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എംഎല്‍എമാരായ ആന്റണി രാജുവിനും കോവൂര്‍ കുഞ്ഞുമോനുമാണ് അദ്ദേഹം പണം വാഗ്ദാനം ചെയ്തതെന്നായിരുന്നു റിപ്പോര്‍ട്ട്.
കോവൂര്‍ കുഞ്ഞുമോന് ഇക്കാര്യം പൂര്‍ണമായി നിഷേധിച്ചെങ്കിലും ആന്റണി രാജു എംഎല്‍എ വിഷയം സ്ഥിരീകരിച്ചതായാണ് വിവരം.