ശബരിമല തീര്‍ഥാടകരോട് സര്‍ക്കര്‍ അവഗണന കാണിക്കുന്നു: രമേശ് ചെന്നിത്തല
Tuesday, October 22, 2024 11:51 PM IST
തിരുവനന്തപുരം: ശബരിമല തീര്‍ഥാടനകാര്യത്തില്‍ സര്‍ക്കാര്‍ തികഞ്ഞ അവധാനതയാണ് കാണിക്കുന്നതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. വൻ ഭക്തജനത്തിരക്കുള്ള സ്ഥലത്ത് മണിക്കൂറുകളോളം പവര്‍ കട്ട് ഉണ്ടാവുക എന്നത് അംഗീകരിക്കാനാവില്ല.
മണ്ഡലക്കാലം അല്ലാതിരുന്നിട്ടു പോലും കഴിഞ്ഞ നാലു ദിവസങ്ങളായി അഭൂതപൂര്‍വമായ തിരക്കാണ് ശബരിമലയില്‍ അനുഭവപ്പെടുന്നത്. ഭക്തര്‍ അഞ്ചും ആറും മണിക്കൂറുകള്‍ ദര്‍ശനത്തിനായി ക്യൂ നില്‍ക്കേണ്ടി വരുന്നു. ഭക്തജനത്തിരക്ക് നിയന്ത്രിക്കാന്‍ വേണ്ട സംവിധാനങ്ങള്‍ ശബരിമലയില്‍ ഏര്‍പ്പെടുത്തുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുകയാണ്.
ആവശ്യത്തിന് പോലീസിനെ സന്നിധാനത്ത് നിയോഗിച്ചിട്ടില്ല. പരിചയസമ്പന്നരായ പോലീസ് ഉദ്യോഗസ്ഥരെ ശബരിമലയില്‍ തിരക്ക് നിയന്ത്രിക്കാന്‍ നിയോഗിക്കണമെന്ന് ആവര്‍ത്തിച്ച് സര്‍ക്കാരിനോട് ആവശ്യപ്പെട്ടതാണ്. എന്നാല്‍ സർക്കാർ ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു.