നവീന്‍ ബാബുവിന്റെ മരണം:വസതിയിലെത്തി കളക്ടറുടെ മൊഴി രേഖപ്പെടുത്തി
Tuesday, October 22, 2024 8:33 AM IST
കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ. വിജയന്റെ മൊഴിയെടുത്തു. രാത്രി ഔദ്യോഗിക വസതിയില്‍ എത്തിയായിരുന്നു കളക്ടറുടെ മൊഴി രേഖപ്പെടുത്തിയത്. കഴിഞ്ഞദിവസം സാക്ഷി മൊഴിയില്‍ താന്‍ സത്യം സത്യമായി പറഞ്ഞിട്ടുണ്ടെന്നും സത്യം പുറത്തുവരുമെന്നും കളക്ടര്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. തന്റെ ഭാഗം വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഇതിന് പിന്നാലെയായിരുന്നു വസതിയിലെത്തി മൊഴി രേഖപ്പെടുത്തിയത്. പി.പി. ദിവ്യയെ എഡിഎമ്മിന്റെ യാത്രയയപ്പിലേക്ക് താന്‍ ക്ഷണിച്ചില്ലെന്ന് അരുണ്‍ മൊഴി നല്‍കിയിട്ടുണ്ട്. നേരത്തെ, ക്ഷണം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് യാത്രയയപ്പ് ചടങ്ങിലെത്തിയതെന്നായിരുന്നു ദിവ്യ മാധ്യമങ്ങളോട് വിശദീകരിച്ചിരുന്നത്.
എന്നാല്‍ കളക്ടര്‍ ഈ വാദങ്ങള്‍ തള്ളി. യാത്രയയപ്പ് സമയം മാറ്റിയിട്ടില്ലെന്ന് അദ്ദേഹം സംഭവത്തില്‍ വകുപ്പ് തലത്തില്‍ വിശദമായ അന്വേഷണം നടത്തുന്ന ലാന്‍ഡ് റവന്യു വിഭാഗം ജോയിന്റ് കമ്മീഷണര്‍ ഗീത ഐഎഎസിന് നല്കിയ മൊഴിയില്‍ പറയുന്നു.
അതേസമയം, നവീന്‍ ബാബുവിനെതിരേ നല്കിയ പരാതി മരണശേഷം ധൃതിയില്‍ തയാറാക്കിയതാണെന്ന വാദവും ശക്തിപ്പെടുകയാണ്. പരാതിക്ക് പിന്നില്‍ പ്രശാന്തന്റെ ബന്ധുവാണോ എന്നതുള്‍പ്പെടെയുള്ള സംശയങ്ങളാണ് ഉയരുന്നത്. ടി.വി. പ്രശാന്ത് എന്ന ഒദ്യോഗിക പേര് ടി.വി.പ്രശാന്തന് എന്ന് മാറിയിരുന്നു. അടുപ്പമുള്ള ആരോ ധൃതിയില്‍ തയാറാക്കിയതാകാമെന്നാണ് നിഗമനം.
ഈ മാസം 15ന് ആണ് എഡിഎം നവീന്‍ ബാബു കണ്ണൂരിലെ വീടിനുള്ളില്‍ തുങ്ങിമരിച്ചത്. നേരത്തെ കളക്ട്രേറ്റില്‍ അദ്ദേഹത്തിനായി ഒരുക്കിയ യാത്രയയപ്പ് ചടങ്ങില്‍ അന്നത്തെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ അദ്ദേഹത്തിനെതിരേ അഴിമതിയാരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.