റഷ്യയെ പിന്തുണയ്ക്കാൻ ഉത്തരകൊറിയ യുക്രെയ്നിലേക്ക് സൈനികരെ അയക്കുന്നത് അപകടമാണെന്ന് യുഎസ്
Tuesday, October 22, 2024 5:49 AM IST
വാഷിംഗ്ടൺ ഡിസി: യുക്രെയ്നിൽ റഷ്യയെ പിന്തുണയ്ക്കാൻ ഉത്തരകൊറിയ സൈന്യത്തെ അയയ്ക്കുന്നത് അപകടമാകുമെന്ന് അമേരിക്ക.
റഷ്യയ്ക്കൊപ്പം പോരാടുന്നതിന് ഉത്തരകൊറിയ സൈന്യത്തെ അയച്ചതായും കൂടുതൽ സൈനികരെ യുക്രെയ്നിലേക്ക് അയയ്ക്കാൻ തയാറെടുക്കുന്നതായുമുള്ള റിപ്പോർട്ടുകൾ തങ്ങൾ കണ്ടുവെന്ന് ഐക്യരാഷ്ട്രസഭയിലെ യുഎസ് അംബാസഡർ റോബർട്ട് വുഡ് സെക്യൂരിറ്റി കൗൺസിലിൽ പറഞ്ഞു.
ഈ റിപ്പോർട്ടുകൾ ശരിയാണെങ്കിൽ, ഇത് അപകടകരവും അത്യന്തം ആശങ്കാജനകവുമാണ്. കൂടാതെ ഉത്തരകൊറിയ-റഷ്യ സൈനിക ബന്ധത്തിന്റെ ആഴത്തിനെയും ഇത് സൂചിപ്പിക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഈ നാടകീയ നീക്കത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് സഖ്യകക്ഷികളുമായി തങ്ങൾ ചർച്ച നടത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉത്തരകൊറിയൻ സൈനികരെ യുക്രെയ്നിൽ വിന്യസിക്കുന്നത് സ്ഥിതി കൂടുതൽ വഷളാക്കുമെന്ന് ഫ്രാൻസിന്റെ യുഎൻ പ്രതിനിധി നിക്കോളാസ് ഡി റിവിയർ യുഎൻ രക്ഷാസമിതിയിൽ പറഞ്ഞു.
ഉത്തരകൊറിയ യുക്രെയ്നിലേക്ക് ഏകദേശം 12,000 സൈനികരെ അയക്കുമെന്നാണ് സൂചന.