കോൺഗ്രസ് ദേശീയ നേതൃത്വം വയനാട്ടിലേക്ക്; പ്രിയങ്ക പത്തുദിവസം പ്രചാരണം നടത്തും
Monday, October 21, 2024 7:42 PM IST
കൽപ്പറ്റ: പ്രിയങ്ക ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോൺഗ്രസ് ദേശീയ നേതൃത്വം വയനാട്ടിലേക്ക്. ബുധനാഴ്ചയാണു പ്രിയങ്ക നാമനിർദേശ പത്രിക സമർപ്പിക്കുന്നത്. രാവിലെ 11 ന് കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡിൽ നിന്ന് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും റോഡ്ഷോ നടത്തും. ഉച്ചയ്ക്ക് 12ന് ജില്ലാ കളക്ടർക്ക് മുമ്പാകെ നാമനിർദേശ പത്രിക സമർപ്പിക്കും.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പാർലമെന്ററി പാർട്ടി ചെയർപഴ്സൺ സോണിയാ ഗാന്ധി, ലോക്സഭാ പ്രതിപക്ഷ നേതാവും വയനാട് മുൻ എംപിയുമായ രാഹുൽ ഗാന്ധി എന്നിവർ പ്രിയങ്കയ്ക്കൊപ്പമുണ്ടാകും. വിവിധ സംസ്ഥാനങ്ങളിലെ കോൺഗ്രസ് മുഖ്യമന്ത്രിമാരും ദേശീയ, സംസ്ഥാന നേതാക്കളും വരും ദിവസങ്ങളിൽ പ്രചാരണത്തിനായി എത്തും.
രാഹുൽ കഴിഞ്ഞ തവണ മത്സരിച്ചപ്പോൾ മണ്ഡലത്തിൽ മൂന്നു ദിവസം മാത്രമാണുണ്ടായിരുന്നത്. പ്രിയങ്ക ഗന്ധി രണ്ടുതവണ രാഹുല്‍ മത്സരിച്ചപ്പോൾ വോട്ടഭ്യർഥിച്ച് എത്തിയിരുന്നു. കന്നിയങ്കത്തിന് നാമനിർദേശക പത്രിക സമർപ്പിക്കുന്നതിനു മുമ്പായി പ്രിയങ്ക കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ സന്ദർശിച്ച് ചർച്ച നടത്തി.