അൻവറിൽ കോൺഗ്രസിൽ ആശയക്കുഴപ്പം; ക്ഷണിച്ച് സുധാകരൻ, ഉപാധി തള്ളി സതീശൻ
Monday, October 21, 2024 2:47 PM IST
ചേലക്കര: പി.വി. അൻവറിനെ ചൊല്ലി കോണ്‍ഗ്രസിൽ ആശയക്കുഴപ്പം. അൻവറിനെ കെപിസിസി അധ്യക്ഷൻ ക്ഷണിച്ചപ്പോൾ പ്രതിപക്ഷ നേതാവ് അൻവറിന്റെ ഉപാധി തള്ളി രംഗത്തെത്തി. ചേലക്കരയിൽ യുഡിഎഫ് കണ്‍വൻഷനിൽ പങ്കെടുത്തശേഷമായിരുന്നു ഇരുവരുടെയും പ്രതികരണം.
ചേലക്കരയിൽ രമ്യ ഹരിദാസിനെ പിൻവലിക്കണമെന്നും ഡിഎംകെ സ്ഥാനാർഥിയെ യുഡിഎഫ് പിന്തുണക്കണമെന്നും പി.വി അൻവർ ആവശ്യപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യങ്ങളോടാണ് ഇരുവരും പ്രതികരിച്ചത്.
യുഡിഎഫ് സ്ഥാനാർഥിയെ വിജയിപ്പിക്കാൻ അൻവർ താങ്കളുടെ കാഴ്ചപ്പാടുകൾ വിനിയോഗിക്കണമെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ അഭ്യർഥിച്ചു. അൻവറുമായി പ്രതിപക്ഷ നേതാവ് സംസാരിച്ചിരുന്നു. എന്നാൽ അദ്ദേഹം പോസിറ്റീവായും നെഗറ്റീവായും പ്രതികരിച്ചിട്ടില്ലെന്നും സുധാകരൻ പറഞ്ഞു.
അൻവർ തുടങ്ങിയിട്ടല്ലേ ഉള്ളു. കഴിഞ്ഞ തവണയും മത്സരിച്ചയാളാണ് തങ്ങളുടെ സ്ഥാനാർഥി. ചേലക്കരയിൽ കോണ്‍ഗ്രസിന് ഒഴിച്ചുകൂടാനാക്കത്ത ബന്ധങ്ങളും പിന്തുണയും ഉള്ള മണ്ഡലമാണ്. ഇവിടെ അൻവർ ഇങ്ങോട്ടാണ് സഹകരിക്കേണ്ടത്. അതിന് അൻവറിനെ ക്ഷണിക്കുന്നുവെന്നും സുധാകരൻ പറഞ്ഞു.
അതേസമയം അൻവർ ഉപാധികൾ കൈയിൽ വച്ചാൽ മതിയെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പ്രതികരണം. ചേലക്കരയിൽ അൻവൻ സ്ഥാനാർഥിയെ പിൻവലിച്ചാലും ഇല്ലെങ്കിലും പ്രശ്നമില്ല. സൗകര്യമുണ്ടെങ്കിൽ പിൻവലിച്ചാൽ മതിയെന്നും അദ്ദേഹം പറഞ്ഞു.
ചേലക്കരയിൽ സ്ഥാനാർഥിയെ മാറ്റണമെന്ന തമാശ ഇങ്ങോട്ട് വേണ്ട. അൻവർ തമാശ പറയരുത്. അൻവർ യുഡിഎഫിനെ കളിയാക്കുകയാണോ എന്നും സതീശൻ ചോദിച്ചു.
സതീശനു എന്തുവേണമെങ്കിലും പറയാമെന്നായിരുന്നു അൻവറിന്റെ പ്രതികരണം. കാണാൻ പോകുന്നത് പൂരമല്ല. പൂരം കഴിഞ്ഞു പറയാം ബാക്കിയെന്നും അൻവർ പറഞ്ഞു. ഡിഎംകെ സ്ഥാനാർഥിയുമായി മുന്നോട്ട് പോകും. സുധാകരന് അവരുടെ സ്ഥാനാർഥിയെ വിജയിപ്പിക്കണമെന്ന് അല്ലേ പറയാനാകുവെന്നും അൻവർ കൂട്ടിച്ചേർത്തു.