എഡിഎമ്മിന്റെ മരണം: കണ്ണൂർ കളക്ടറുടെ മൊഴിയെടുക്കുന്നു
Saturday, October 19, 2024 11:30 AM IST
കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ കണ്ണൂർ ജില്ലാ കളക്ടർ അരുണ്‍ കെ. വിജയന്റെ മൊഴിയെടുക്കുന്നു. ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണർ ഗീത ഐഎഎസാണ് ജില്ലാ കളക്ടറുടെ മൊഴിയെടുക്കുന്നത്.
റവന്യൂ വകുപ്പ് മന്ത്രിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ നടക്കുന്ന വകുപ്പ്തല അന്വേഷണത്തിലാണ് കളക്ടറുടെ മൊഴിയെടുക്കുന്നത്.കളക്ടറുടെ ചേന്പറിൽ എത്തിയാണ് ലാൻഡ് റവന്യു ജോയിന്റ് കമ്മീഷണർ മൊഴി രേഖപ്പെടുത്തുന്നത്.
നേരത്തെ അന്വേഷണ ചുമതലകളിൽനിന്നു കളക്ടറെ നീക്കിയിരുന്നു. സംഭവത്തിൽ എഡിഎമ്മിന് അനുകൂലമായ പ്രാഥമിക റിപ്പോർട്ട് കളക്ടർ നൽകിയിരുന്നു. എന്നാൽ അതിനു പിന്നാലെ കളക്ടർക്കെതിരെ ആരോപണം വന്നതോടെയാണ് അന്വേഷണചുമതല ഗീത ഐഎഎസിനെ ഏൽപിച്ചത്.
കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി. ദിവ്യക്കെതിരെ കണ്ണൂർ ജില്ലാ കളക്ട്രേറ്റ് റവന്യൂ വിഭാഗം ജീവനക്കാർ പോലീസിന് മൊഴി നൽകിയിരുന്നു. എഡിഎമ്മിന്റെ യാത്രയയപ്പിലേക്ക് ദിവ്യയെ വാക്കാൽ പോലും ക്ഷണിച്ചിരുന്നില്ലെന്ന് സ്റ്റാഫ് കൗൺസിൽ അംഗങ്ങൾ മൊഴി നൽകി.
ദിവ്യ കയറി വന്നത് അപ്രതീക്ഷിതമായാണെന്നും പ്രസംഗത്തിന് ശേഷം എല്ലാവരും ഞെട്ടിത്തരിച്ചുപോയെന്നും മൊഴികളിൽ വ്യക്തമാക്കുന്നു. എഡിഎം മൂന്നുവരിയിൽ മറുപടി പ്രസംഗം അവസാനിപ്പിച്ചുവെന്നും യാത്രയയപ്പ് യോഗത്തിൽ പങ്കെടുത്തവർ പോലീസിനോട് പറഞ്ഞു.