രഞ്ജി ട്രോഫി; കേരളത്തിന് മികച്ച തുടക്കം
Friday, October 18, 2024 6:27 PM IST
ആളൂര്‍: രഞ്ജി ട്രോഫി ക്രിക്കറ്റിൽ കര്‍ണാടകയ്ക്കെതിരെ കേരളത്തിന് മികച്ച തുടക്കം. മഴ കളിച്ച മത്സരത്തിന്റെ ഒന്നാം ദിനം അവസാനിക്കുമ്പോൾ വിക്കറ്റ് പോകാതെ 88 റണ്‍സെന്ന നിലയിലാണ് കേരളം.
57 റണ്‍സോടെ രോഹന് കുന്നുമ്മലും 31 റണ്‍സോടെ വത്സല്‍ ഗോവിന്ദുമാണ് ക്രീസില്‍. ടോസ് നേടിയ കര്‍ണാടക ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. മഴയെ തുടര്‍ന്ന് വൈകി തുടങ്ങിയ മത്സരത്തില്‍ 23 ഓവര്‍ മാത്രമാണ് ആദ്യ ദിവസം എറിഞ്ഞത്.
ആക്രമണോത്സുക ശൈലിയില്‍ ബാറ്റ് വീശിയ രോഹന് കുന്നുമ്മല്‍ 74 പന്തില്‍ ഒമ്പത് ഫോറും ഒരു സിക്സുമടക്കമാണ് 57 റണ്‍സെടുത്തത്. നാല് ഫോറടങ്ങുന്നതായിരുന്നു വത്സല്‍ ഗോവിന്ദിന്റെ ഇന്നിംഗ്സ്. ആദ്യ മത്സരത്തില്‍ പഞ്ചാബിനെ കേരളം പരാജയപ്പെടുത്തിയിരുന്നു.