സ്കൂൾ കായികമേള; സ്പൈക്ക് ഇല്ലാതെ സിന്തറ്റിക് ട്രാക്കിൽ ഓടിയ വിദ്യാർഥികൾക്ക് പരിക്ക്
Friday, October 18, 2024 12:17 PM IST
തിരുവനന്തപുരം: ഉപജില്ലാ സ്കൂള്‍ കായിക മേളയ്ക്കിടെ സ്പൈക്ക് ഇല്ലാതെ സിന്തറ്റിക് ട്രാക്കിൽ ഓട്ട മത്സരത്തിനിറങ്ങിയ വിദ്യാർഥികൾക്ക് പരിക്ക്. വിദ്യാർഥികളുടെ കാലിലെ തൊലി അടര്‍ന്നുമാറുകയായിരുന്നു. കണിയാപുരം ഉപജില്ലാ കായികമേളയ്ക്കിടെയാണ് സംഭവം.
സിന്തറ്റിക് ട്രാക്കിൽ ഓടാനുപയോഗിക്കുന്ന സ്പൈക്ക് ഇല്ലാതെ മത്സരത്തിനിറങ്ങിയ മൂന്ന് കുട്ടികളുടെ കാലിലെ തൊലിയാണ് പൊള്ളലേറ്റതിനെ തുടര്‍ന്ന് അടര്‍ന്നുമാറിയത്. പരിക്കേറ്റ വിദ്യാർഥികളെ ആറ്റിങ്ങൽ സർക്കാർ ആശുപത്രിയിൽ ചികിത്സ നൽകി. ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിലായിരുന്നു ഉപജില്ലാ മത്സരങ്ങള്‍ നടന്നത്.
സ്കൂള്‍ അധികൃതരാണ് മത്സരത്തിൽ പങ്കെടുക്കേണ്ട കുട്ടികള്‍ക്ക് സ്പൈക്ക്സും ജേഴ്സിയുമെല്ലാം വാങ്ങി നൽകേണ്ടിയിരുന്നതെന്നാണ് സംഘാടക സമിതി പറയുന്നത്. കുട്ടികള്‍ മത്സരത്തിനായി എത്തിയപ്പോള്‍ തടയാൻ കഴിഞ്ഞില്ലെന്നും സംഘാടകർ പറയുന്നു.