എഡിഎമ്മിന്റെ മരണത്തിൽ സിപിഎമ്മിന് ഇരട്ടത്താപ്പ്: കെ.മുരളീധരൻ
Thursday, October 17, 2024 5:17 PM IST
പത്തനംതിട്ട: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സിപിഎമ്മിന് ഇരട്ടത്താപ്പ് നയമാണെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. കണ്ണൂരിലെ സിപിഎം നേതൃത്വം പി.പി.ദിവ്യക്കൊപ്പമാണ് എന്നാൽ പത്തനംതിട്ടയിലെ പാർട്ടി നവീന്റെ കുടുംബത്തിനൊപ്പമാണ്.
മുയലിനൊപ്പം ഓടുകയും വേട്ടപ്പട്ടിക്കൊപ്പം വേട്ടയാടുകയും ചെയ്യുന്ന ഈ ഏർപ്പാട് സിപിഎം അവസാനിപ്പിക്കണമെന്ന് മുരളീധരൻ ആവശ്യപ്പെട്ടു. നവീൻ ബാബുവിന്റെ മൃതദേഹത്തിൽ അന്ത്യാഞ്ജലി അർപ്പിക്കാൻ പത്തനംതിട്ട മലയാലപ്പുഴയിലെ വീട്ടിലെത്തിയതായിരുന്നു മുരളീധരൻ.
ദിവ്യയുടെ ജില്ലാ പഞ്ചായത്ത് അംഗത്വം അടക്കം രാജിവെപ്പിക്കണമെന്ന കാര്യത്തിൽ കേരളം ഒറ്റക്കെട്ടാണ്. സംഭവം നടന്ന് ഇത്രയും ദിവസമായിട്ടും ദിവ്യക്കെതിരെ ഒരു നടപടിയും ഇല്ലാത്തത് ദുഃഖകരമാണെന്നും അദ്ദേഹം പറഞ്ഞു.