ഗുരുവായൂരപ്പന് 25 പവന്റെ പൊന്നിൻ കിരീടം; പ്രവാസിയുടെ വഴിപാട്
Thursday, October 17, 2024 10:18 AM IST
തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ 25 പവനിലധികം തൂക്കം വരുന്ന പൊന്നിൻ കിരീടം വഴിപാടായി നല്കി പ്രവാസി. 200.53 ഗ്രാം തൂക്കമുള്ള കിരീടം ചങ്ങനാശേരി കോട്ടമുറി ദ്വാരകയിൽ രതീഷ് മോഹനാണ് സമർപ്പിച്ചത്. ഇദ്ദേഹം കഴിഞ്ഞ ഒക്ടോബറിൽ ഗുരുവായൂരപ്പന് പൊന്നോടക്കുഴൽ സമർപ്പിച്ചിരുന്നു.
ക്ഷേത്രം ഊരാളനും ദേവസ്വം ഭരണസമിതി അംഗവുമായ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് കിരീടം ഏറ്റുവാങ്ങി. ക്ഷേത്രം ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പ്രമോദ് കളരിക്കൽ, അസി. മാനേജർ എ.വി. പ്രശാന്ത് തുടങ്ങിയവർ സന്നിഹിതരായിരുന്നു.
പന്തീരടി പൂജയ്ക്കും ഉച്ചപൂജയ്ക്കും ഗുരുവായൂരപ്പന് പൊന്നിൻ കിരീടം ചാർത്തി. വഴിപാടിനു ശേഷം രതീഷ് മോഹന് ദേവസ്വം തിരുമുടി മാല, കളഭം, പഴം, പഞ്ചസാര എന്നിവ അടങ്ങിയ ഗുരുവായൂരപ്പന്റെ വിശിഷ്ട പ്രസാദങ്ങൾ നൽകി. കിരീടം പൂർണമായും ദുബായിയിലാണ് നിർമിച്ചത്.