മഹാരാഷ്ട്രയിൽ മഹാവികാസ് അഘാടി സഖ്യം സർക്കാർ രൂപീകരിക്കും: കുമാരി ഷെൽജ
Wednesday, October 16, 2024 9:00 PM IST
മുംബൈ: മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിൽ മഹാവികാസ് അഘാടി സഖ്യം വൻ വിജയം നേടുമെന്ന് കോൺഗ്രസ് നേതാവും എംപിയുമായ കുമാരി ഷെൽജ. തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം മഹാവികാസ് അഘാടി സഖ്യം തന്നെയായിരിക്കും സർക്കാർ രൂപീകരിക്കുകയെന്നും ആ കാര്യത്തിൽ ഒരു സംശയവും ഇല്ലെന്നും ഷെൽജ പറഞ്ഞു.
മഹായുതി സഖ്യം പരാജയമാണെന്നും മഹാരാഷ്ട്രയിലെ ജനങ്ങൾക്ക് അവരുടെ ഭരണം മടുത്തുവെന്നും കോൺഗ്രസ് നേതാവ് പറഞ്ഞു. കോൺഗ്രസും സഖ്യകക്ഷികളും തികഞ്ഞ ആത്മവിശ്വാസത്തിലാണെന്നും ഷെൽജ കൂട്ടച്ചേർത്തു.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് മികച്ച വിജയം നേടുമെന്നും കുമാരി ഷെൽജ അവകാശപ്പെട്ടു. പ്രിയങ്ക ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നത് സന്തോഷമുള്ള കാര്യമാണെന്നും ഷെൽജ പറഞ്ഞു.
നവംബർ 20 ന് ആണ് മഹാരാഷ്ട്രയിൽ തെരഞ്ഞെടുപ്പ്. നവംബർ 23ന് ആണ് വോട്ടെണ്ണൽ. 288 നിയമസഭ മണ്ഡലങ്ങളാണ് സംസ്ഥാനത്തുള്ളത്.